26 വര്‍ഷമായി ഭക്ഷണം വെച്ച് വിളമ്പി നല്‍കി അല്ലി ചേച്ചി, പാട്ടുപാടി സ്‌നേഹനിര്‍ഭരമായ യാത്രയപ്പ് നല്‍കി പോലീസുകാര്‍

allichechi| bignewslive

തൃശ്ശൂര്‍: വര്‍ഷങ്ങളായി ഭക്ഷണം വെച്ച് നല്‍കിക്കൊണ്ടിരുന്ന അല്ലി ചേച്ചിക്ക സ്‌നേഹനിര്‍ഭരമായ യാത്രയപ്പ് നല്‍കി പോലീസുകാര്‍. തൃശൂര്‍ മാള പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് തങ്ങളുടെ പ്രിയപ്പെട്ട അല്ലിച്ചേച്ചിയെ സ്‌നേഹത്തോടെ യാത്രയയച്ചത്.

മാള പഞ്ചായത്ത് ഹാളില്‍ വെച്ചായിരുന്നു പരിപാടി. തന്റെ പ്രായം വയസ് എഴുപത് ആയതതോടെയാണ് പോലീസ് സ്റ്റേഷനിലെ അടുക്കളയില്‍ നിന്ന് അല്ലി ചേച്ചി വിരമിക്കല്‍ പ്രഖ്യാപിച്ചത്. അല്ലി ചേച്ചി ജോലിയില്‍ നിന്നും മടങ്ങുമ്പോള്‍ നല്ലൊരു യാത്രയയപ്പ് നല്‍കണമെന്ന് പോലീസുകാര്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് ചെറിയൊരു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനായി മാള സ്റ്റേഷനില്‍ മുന്‍പ് ജോലി ചെയ്തിരുന്ന പോലീസുകാരടക്കം എത്തിയിരുന്നു. കാരണം അല്ലിച്ചേച്ചിയുടെ ഭക്ഷണത്തിന്റെ രുചിയും അതിനൊപ്പം പകര്‍ന്നുനല്‍കിയ സ്‌നേഹവും അവരുടെയെല്ലാം മനസ്സിലുണ്ടായിരുന്നു.

പാന്നട അണിയിച്ചും ഫലകം സമ്മാനിച്ചും അല്ലി ചേച്ചിയോടുള്ള ആദരം അവര്‍ അറിയിച്ചു. ‘അല്ലിയാമ്പല്‍ കടവിലന്ന് അരയ്ക്കുവെള്ളം’ തുടങ്ങിയ ഗാനങ്ങള്‍ പാടി പോലീസുകാര്‍ പരിപാടി സംഗീതസാന്ദ്രമാക്കി.

കൂടാതെ അല്ലി ചേച്ചിക്ക് റിട്ടയര്‍മെന്റ് കാലം ചെലവഴിക്കാന്‍ 1,60000 രൂപ പോക്കറ്റ് മണിയായും പോലീസുകാര്‍ നല്‍കി. താന്‍ ഇത്രയും കാലം നോക്കിനടത്തിയ പോലീസ് സ്റ്റേഷനിലെ അടുക്കള മകള്‍ നിഷയ്ക്ക് കൈമാറിയാണ് അല്ലി ചേച്ചി മടങ്ങിയത്.

Exit mobile version