കൊച്ചുവേളി മുതൽ അയോധ്യവരെ; 3300 രൂപയുടെ ടിക്കറ്റെടുത്താൽ താമസവും ഭക്ഷണവും ബിജെപി വക ഫ്രീ; തിരഞ്ഞെടുപ്പിന് മുൻപ് ദിവസവും അരലക്ഷം തീർത്ഥാടകർ ലക്ഷ്യം; യാത്ര ഇങ്ങനെ

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് അയോധ്യക്ഷേത്രം ലക്ഷ്യമിട്ടുള്ള ആദ്യത്തെ ട്രെയിന്‍ പുറപ്പെട്ടതോടെ വീണ്ടും ചര്‍ച്ചയായി ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ അയോധ്യ ക്ഷേത്രം സജീവ ചര്‍ച്ചയാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി കേരളത്തില്‍ നിന്നും അയോധ്യയിലേക്കുള്ള ട്രെയിന്‍ യാത്ര സംഘടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കൊച്ചുവേളി മുതല്‍ അയോധ്യ വരെ പോകുന്ന ആസ്ത ട്രെയിനിന്റെ ആദ്യയാത്ര ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ പത്ത് മണിക്കാണ് തിരുവനന്തപുരം കൊച്ചുവേളിയില്‍നിന്ന് ട്രെയിന്‍ യാത്ര ആരംഭിച്ചത്. മുന്‍ കേന്ദ്ര റെയില്‍വേ ഒ രാജഗോപാല്‍ ആണ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. 20 കോച്ചുകള്‍ ഉള്ള ആസ്ത ട്രെയിനില്‍ ആദ്യയാത്രയ്ക്ക് 972 യാത്രക്കാരാണ് ഉള്ളത്. ട്രെയിനിന് വിവിധ സ്റ്റേഷനുകളില്‍ ബിജെപി സ്വീകരണം നല്‍കും.

ഈ ട്രെയിന്‍ 12 ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അയോധ്യയില്‍ എത്തുക. പിന്നീട് ഇതേ ട്രെയിന്‍ 13-ന് പുലര്‍ച്ചെ 12.2-ന് അയോധ്യയില്‍ നിന്ന് തിരിച്ച് 15 ന് രാത്രി 10.45 ന് കൊച്ചുവേളിയില്‍ എത്തിച്ചേരും. അങ്ങോട്ടും ഇങ്ങോട്ടും കൂടിയുള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് 3300 രൂപയാണ്.

ALSO READ- സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയെന്ന് തെറ്റിദ്ധരിപ്പിച്ചു; വനിതാപോലീസുകാരിയെ വിവാഹം ചെയ്തു; യുവാവിനെതിരെ പീഡനക്കേസ്

ബിജെപിയുടെ നേതൃത്വത്തിലാണ് ഈ അയോധ്യ യാത്ര. ടിക്കറ്റിനുള്ള പണം യാത്രക്കാര്‍ നല്‍കണം. അയോധ്യയില്‍ എത്തിക്കഴിഞ്ഞാല്‍ ഭക്ഷണം, താമസം, ദര്‍ശനം എന്നിവക്കുള്ള സൗകര്യങ്ങള്‍ പാര്‍ട്ടി ഒരുക്കി നല്‍കും.

നാഗര്‍കോവില്‍, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും കൊച്ചുവേളിയാണ് ആദ്യപരിഗണനയില്‍ വന്നത്. തുടക്കത്തില്‍ ആദ്യ സര്‍വീസ് ജനുവരി 30ന് ആരംഭിക്കുമെന്നായിരുന്നു അറിയിച്ചതെങ്കിലും പിന്നീട് റദ്ദാക്കി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.

അയോധ്യക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ പൂര്‍ത്തിയായതിന് പിന്നാലെയാണ് സംസ്ഥാനങ്ങളില്‍നിന്ന് യാത്ര സംഘടിപ്പിക്കുമെന്ന് ബിജെപി അറിയിച്ചത്. മാര്‍ച്ച് 25 വരെ ദിവസവും അരലക്ഷം പേരെ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിക്കുകയാണ് ലക്ഷ്യം.കേരളത്തിലുള്‍പ്പടെ ഒരു നിയോജക മണ്ഡലത്തില്‍നിന്ന് ആയിരം പേരെയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.

Exit mobile version