തൃശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായിരിക്കെ ചുവരെഴുത്ത് ഉള്‍പ്പടെയുള്ള പ്രചരണം ശക്തമാക്കി അണികള്‍. ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് തൃശൂരില്‍ സുരേഷ് ഗോപിയും ചുവരെഴുത്തിന് എത്തി. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ പേര് പറയാതെയാണ് പ്രചാരണം.
ചുവരില്‍ താമരയുടെ ചിഹ്നം വരച്ച സുരേഷ് ഗോപി, സ്ഥാനാര്‍ഥിയുടെ പേര് എഴുതാന്‍ സമയമായിട്ടില്ലെന്നും പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തി.
തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിഹ്നം വരയ്ക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇവിടെയെല്ലാം സുരേഷ് ഗോപിയും നേരിട്ടെത്തി. സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേര്‍ക്കുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു.
താമരയുടെ ചെറിയൊരു ഭാഗം മതിലില്‍ വരച്ചാണ് സുരേഷ് ഗോപി ചുവരെഴുത്തില്‍ പങ്കാളിയായത്. താമര പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങുകയായിരുന്നു. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.