തിരുവനന്തപുരം: വീട്ടില്‍ പാല് വാങ്ങാന്‍ എത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട താലൂക്കില്‍ മാറനല്ലൂര്‍ ബാലകൃഷ്ണന്‍ (68) എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്.
പോക്‌സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വര്‍ഷം കഠിനതടവിനും ഒരു ലക്ഷത്തി പത്തായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറയുന്നു. കൂടാതെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്നും അര്‍ഹമായ തുക അതിജീവിതയ്ക്ക് നല്‍കുന്നതിനും കോടതി വിധി ന്യായത്തിലൂടെ ഉത്തരവിട്ടു.
2016 ലാണ് കേസിന് ആസ്പദമായ സംഭവം..
നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്ഥിരമായി പ്രതിയുടെ വീട്ടില്‍ പാലു വാങ്ങാന്‍ പോകുമായിരുന്നു പെണ്‍കുട്ടി. ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീടിനകത്ത് കയറ്റി പലതവണ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി. വിവരം പുറത്തു പറയാതിരിക്കാന്‍ മിഠായിയും പൈസയും പ്രതി നല്‍കുമായിരുന്നു.
സമാനമായ മറ്റൊരു കേസില്‍ സി ഡബ്ലിയു സി മുന്‍പാകെ മൊഴി നല്‍കുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് മാറനല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഡി ആര്‍ പ്രമോദ് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
അന്നത്തെ മാറുനല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ മാരായിരുന്ന തന്‍സിം അബ്ദുല്‍ സമദ്, സതികുമാര്‍ ടി എന്നിവരാണ് അന്വേഷണ പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.