ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്ക് തെിരെ ഡല്‍ഹിയില്‍ കേരളം ആരംഭിച്ച സമരത്തിന് വന്‍പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പങ്കുചേര്‍ന്നതോടെ സമരം കേന്ദ്രത്തിന് എതിരായ ശക്തമായ താക്കീതായി മാറി. വിദ്യാര്‍ത്ഥഇകളും യുവാക്കളും സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
കൂടാതെ, തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തതോടെ കേന്ദ്രസര്‍ക്കാരിന് എതിരായ ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിക്കാന്‍ കേരളത്തിനായി. കഴിഞ്ഞദിവസം ജന്തര്‍മന്തറില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും കേന്ദ്രത്തിന് എതിരെ സമരം നടത്തിയിരുന്നു. കേരളത്തിന്റെ സമരത്തിന് പിന്തുണയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ചിരുന്നു.
മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരായ ശക്തമായ പ്രതിഷേധത്തിന് തുടക്കം കുറിക്കാന്‍ കേരളത്തിന് സാധിച്ചത് രാഷ്ട്രീയ ലോകത്ത് വലിയ പ്രധാന്യമാണുള്ളത്. മുഖ്യമന്ത്ര പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്.
ജന്തര്‍മന്തറില്‍ നടന്ന ചടങ്ങില്‍ സിപിഎം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സിപിഐക്ക് പുറമേ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ മാണി, കെബി ഗണേഷ് കുമാര്‍, കെപി മോഹനന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.