ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുകയും ബജറ്റ് ഉള്‍പ്പടെയുള്ളവയില്‍ അവഗണിക്കുകയും ചെയ്തതിന് എതിരെ കേരളം നടത്തുന്ന പ്രതിഷേധം ഡല്‍ഹിയില്‍ തുടരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടത് പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരാണ് കേന്ദ്ര അവഗണനയ്ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.
കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട സംഘം പ്രതിഷേധ പ്രകടനം നടത്തി. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്. ഉച്ചയ്ക്ക് ഒരുമണിവരെ സമരം നീണ്ടുനില്‍ക്കും. തമിഴ്നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍ പ്രകടനത്തില്‍ പങ്കെടുത്തു. കറുത്ത വസ്ത്രം ധരിച്ചാണ് പഴനിവേല്‍ ത്യാഗരാജന്‍ സമരത്തിന് എത്തിയത്.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി. രാജ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ജന്തര്‍മന്തറില്‍നിന്ന് സമരം രാം ലീല മൈതാനിയിലേക്ക് മാറ്റാന്‍ നേരത്തെ ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ജന്തര്‍മന്തറില്‍തന്നെ അനുമതി നല്‍കുകയായിരുന്നു.
ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ്, ആം ആദ്മി പാര്‍ട്ടി, ജെഎംഎം, എന്‍സിപി പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം ഇതേസ്ഥലത്ത് കര്‍ണാടക സര്‍ക്കാരും കേന്ദ്രത്തിന് എതിരെ സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാര്‍ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു സമരം.
Discussion about this post