പത്തനംതിട്ട: ഇലന്തൂരില്‍ ഭഗവതികുന്ന് ക്ഷേത്രത്തില്‍ മോഷണം നടത്തിയ ശേഷം വിഗ്രഹം തല്ലിതകര്‍ത്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുനാട് സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റ് രണ്ട് പേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ക്ഷേത്രത്തില്‍ കയറി മോഷണം നടത്തുകയും ശേഷം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ സംഘം അടിച്ചു തകര്‍ക്കുകയായിരുന്നു. നാട്ടുകാര്‍ പ്രതിക്ക് നേരെ തിരിഞ്ഞതിനാല്‍ പ്രതിയായ സുരേഷിനെയും കൊണ്ട് ഏറെ പ്രയാസപ്പെട്ടാണ് പോലീസ് ക്ഷേത്രത്തിലെത്തി തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.
കേസിലെ പ്രധാന പ്രതികളായ രണ്ട് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്ന് ചെറിയ തുക മാത്രമാണ് മോഷ്ടാക്കള്‍ക്ക് കിട്ടിയത്. എന്നാല്‍ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടം ക്ഷേത്രത്തിന് ഉണ്ടാക്കിയെന്ന് ഭഗവതികുന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടില്‍ കിടന്ന കാറിന് കേടുപാട് വരുത്തിയ സംഘം, തൊട്ടടുത്തുള്ള പള്ളിയിലും മോഷണത്തിന് ശ്രമിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വളരെ വേഗം പ്രതികളെ കണ്ടെത്തിയത്.