തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റില്‍. ജ്വല്ലറിയില്‍ മോഷണം നടന്ന് ഒരാഴ്ചക്കകമാണ് പ്രതികളെ പോലീസ് പിടികൂടിയത്. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്ലം ചവറ സ്വദേശി സ്വദേശി നജീബ്, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികള്‍ എന്നിവരാണ് അറസ്റ്റിലായത്.
നെടുമങ്ങാട് അമൃത ജ്വല്ലറിയില്‍ ജനുവരി 27ന് ആയിരുന്നു മോഷണം നടന്നത്. അന്വേഷണത്തില്‍ മുഖ്യപ്രതി നജീബാണ് മോഷണത്തിന്റെ സൂത്രധാരന്‍ എന്ന് പോലീസ് കണ്ടെത്തി. കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അടിപിടി കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കിടന്നപ്പോഴാണ് നജീബ് മോഷണം നടത്താന്‍ പ്ലാനിട്ടത്.
രണ്ടു മാസം കരിമഠം കോളനിയില്‍ ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ചു. അവിടെ കോഴി വേസ്റ്റ് എടുക്കുന്ന ജോലി നോക്കി. ഇതിനിടെ നെടുമങ്ങാട്, ആറ്റിങ്ങല്‍, ബാലരാമപുരം ഭാഗങ്ങളില്‍ സഞ്ചരിച്ച് കടകള്‍ നോക്കി മനസ്സിലാക്കി. ശേഷം നെടുമങ്ങാട് ടൗണിലെ അമൃത ജ്വല്ലറിയില്‍ കവര്‍ച്ച നടത്തുകയായിരുന്നു.
സഹായത്തിനു വേണ്ടി കരിമഠം കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെയും നെടുമങ്ങാട് വിളിക്കോട്ടെ മറ്റൊരു കുട്ടിയെയും കൂടെ കൂട്ടി. നജീബും സംഘവും മുഖം മൂടി ധരിച്ച് ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി. ജ്വല്ലറിയിലെ 25 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി ആഭരണങ്ങളും സഞ്ചിയിലാക്കി. തെളിവ് നശിപ്പിക്കാന്‍ കടയില്‍ മുളക് പൊടി വിതറി.
മോഷ്ടിച്ച ആഭരണങ്ങളെല്ലാം തിരുവനന്തപുരം ചാലയിലെ വിവിധ ജ്വല്ലറികളിലാണ് വില്‍പന നടത്തിയത്. കിട്ടിയ തുകയുമായി ആര്‍ഭാട ജീവിതം നയിക്കുന്നതിനിടെയാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്.
Discussion about this post