തിരുവനന്തപുരം: നെടുമങ്ങാട് അമൃത ജ്വല്ലറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ജ്വല്ലറി കുത്തിത്തുറന്ന് 25 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസിലാണ് അറസ്റ്റ്. അതേസമയം, പിടിയിലായവരില്‍ നാലുപേരും 15 വയസ്സിന് താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു.
പ്രതികള്‍ കരിമഠം കോളനി കേന്ദ്രീകരിച്ചായിരുന്നു താമസിച്ചിരുന്നത്. നെടുമങ്ങാട് സത്രം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അമൃത ജ്വല്ലറിയില്‍ ജനുവരി 27 പുലര്‍ച്ചെയാണ് മോഷണസംഘം കൃത്യം നടത്തിയത്.
രാവിലെ 9 മണിയോടെ ഉടമ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് നെടുമങ്ങാട് പോലീസിനെ അറിയിക്കുകയും പോലീസെത്തി പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
അന്വേഷണത്തില്‍ മൂന്ന് പേര് ചേര്‍ന്ന് പൂട്ട് അറുത്തുമാറ്റി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Discussion about this post