കോട്ടയം: കോടികള്‍ വിലമതിക്കുന്ന വില്ല രോഗികളായ കുട്ടികള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് കോട്ടയം സ്വദേശിയായ പ്രദീപ് മേനോന്. 60ാം വയസ്സില്‍ ജീവിതത്തോട് വിട പറയും മുന്‍പേയാണ് പ്രദീപിന്റെ കാരുണ്യ പ്രവൃത്തി. രോഗബാധിതരായ കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സോലേസ് എന്ന സംഘടനയുടെ പേരിലാണ് പ്രദീപ് തന്റെ 1.3 കോടി രൂപ വരുന്ന വില്ല നല്‍കിയത്.
മുന്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന കെപിഎ മേനോന്റെ മകനാണ് പ്രദീപ് മേനോന്. ബിരുദാനന്തര ബിരുദധാരിയും അവിവാഹിതനുമായിരുന്നു പ്രദീപ്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് 60-ാം വയസ്സില്‍, ജനുവരി 14-നാണ് അദ്ദേഹം അന്തരിച്ചത്.
മൂന്നുവര്‍ഷം മുമ്പാണ് സോലേസിന്റെ സ്ഥാപക സെക്രട്ടറി ഷീബ അമീറിന് യുഎസില്‍ നിന്ന് ഒരു ഫോണ്‍കോള്‍. യുഎസില്‍ കോളമിസ്റ്റായ സ്വപ്ന ജയകുമാര്‍ ആയിരുന്നു വിളിച്ചത് . തന്റെ അച്ഛന്റെ സഹോദരിയുടെ മകന് പ്രദീപ്മേനോന്‍ കോട്ടയത്തെ അദ്ദേഹത്തിന്റെ വില്ല ‘സൊലേസിന്’ സംഭാവനയായി നല്കാന് ആഗ്രഹിക്കുന്നെന്നാണ് സ്വപ്ന പറഞ്ഞത്. അന്ന് സമ്മതിച്ചെങ്കിലും കൂടുതല്‍ അന്വേഷിച്ചില്ല.
രണ്ടാഴ്ച മുമ്പ് വീണ്ടും ഒരു ഫോണ്‍ കൂടി വന്നു. ”പ്രദീപ് മേനോന് മരിച്ചു. കഞ്ഞിക്കുഴിയിലെ വില്ല സംഘടനയുടെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്. വില്‍പ്പത്രം കൈമാറാന്‍ ആഗ്രഹിക്കുന്നു”-ഇതായിരുന്നു സ്വപ്ന പറഞ്ഞത്.
ഒരിക്കലും കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ഒരാള്‍ തന്റെ സ്വത്ത് ദാനമായി നല്കുന്നുവെന്നത് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. കഴിഞ്ഞയാഴ്ച വില്‍പ്പത്രത്തിന്റെ കോപ്പി ഷീബയ്ക്ക് സ്വപ്ന കൈമാറി. കഞ്ഞിക്കുഴി സ്കൈലൈന്‍ റിവര്‍വാലിയിലെ 5-ഡി എന്ന വീട് അങ്ങനെ നന്മയുടെ സ്മാരകമാകും. വീട് കാണാന്‍ സൊലേസ് ഭാരവാഹികള്‍ തിങ്കളാഴ്ച കഞ്ഞിക്കുഴിയിലെത്തി.
”വില്‍പ്പത്രത്തിന്റെ കോപ്പി ഏറ്റുവാങ്ങിയപ്പോള്‍ കണ്ണ് നിറഞ്ഞുപോയി. അദ്ദേഹം മരിക്കുന്നതിനുമുമ്പ് കാണാന്‍ സാധിച്ചില്ലല്ലോ. 1.3 കോടി രൂപ വിലമതിക്കുന്നതാണ് വീട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്ന എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. ”-ഷീബ അമീര്‍ പറഞ്ഞു.
കഞ്ഞിക്കുഴിയിലെ വില്ല പ്രദീപിന്റെ പേരിലായിരുന്നുവെങ്കിലും അദ്ദേഹം അത് വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. ഒരു ബന്ധുവിനൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. ബന്ധു മരിച്ചതോടെ മുളന്തുരുത്തിയിലെ ‘ഗ്രേസ് ലാന്‍ഡ്’ അപ്പാര്ട്ട്മെന്റിലായി താമസം. സ്വത്തുക്കള്‍ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയ്ക്ക് കൈമാറണമെന്നായിരുന്നു ആഗ്രഹം. കഞ്ഞിക്കുഴിയിലെ വില്ല സൊലേസിനും മുളന്തുരുത്തിയിലെ അപ്പാര്‍ട്ട്മെന്റ് തൃപ്പൂണിത്തുറയിലെ ആദര്‍ശ് ഫൗണ്ടേഷനും കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post