കോട്ടയം: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന ഭാര്യയെ മതം ക്രിസ്ത്യാനിയാക്കിയതാണ് എന്ന തുറന്നുപറച്ചിലുമായി ബിജെപിയില്‍ ചേര്‍ന്ന പിസി ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ്. സ്വകാര്യ ചാനലിന് നല്കിയ ഒരു അഭിമുഖത്തിലാണ് ഭാര്യയെ മതംമാറ്റിയത് സംബന്ധിച്ച് ഷോണ്‍ മനസ് തുറന്നത്.
നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയെ ആണ് ഷോണ്‍ വിവാഹം കഴിച്ചത്. പാര്‍വതി ക്രിസ്ത്യാനിയായി മതം മാറിയതിന് ശേഷമായിരുന്നു 2007ല്‍ ഷോണുമായുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.
‘എന്റെ അമ്മായിഅപ്പനും ഒരു പറ്റം ആളുകളും ചേര്‍ന്ന് നിര്‍ബന്ധിച്ച് എന്റെ ഭാര്യയെ മതം മാറ്റി ക്രിസ്ത്യാനിയാക്കിയാണ് കല്യാണം കഴിച്ചത്. അന്ന് അതിന്റെ ഗൗരവം മനസിലായിരുന്നില്ല. അവളോടുള്ള സ്നേഹം കൊണ്ട് കല്യാണം കഴിക്കുന്ന കാര്യമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളു.’
‘പിന്നീട് എനിക്ക് മനസിലായി, ലോകത്തെ ഏറ്റവും വലിയ തെറ്റ് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്. അവള് എന്നെയാണ് സ്നേഹിച്ചത്. ഇന്നെന്റെ ഏറ്റവും വലിയ വേദന ഭാര്യയെ മതം മാറ്റിയതാണ്’ – എന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്.
കൂടാതെ, നിര്‍ബന്ധിത മതംമാറ്റത്തിന് പല സ്ഥലങ്ങളിലും പല രീതിയില്‍ പ്രതികരണം ഉണ്ടായിട്ടുണ്ടാകാമെന്നും ഷോണ്‍ പറഞ്ഞു. ഇന്ത്യയിലെ ക്രൈസ്തവവിരുദ്ധ ആക്രമണങ്ങളെ ന്യായീകരിച്ച് ഷോണ്‍ പറഞ്ഞ ഈ വാക്കുകളും ഏറെ വിമര്‍ശിക്കപ്പെടുകയാണ്.
പിസി ജോര്‍ജിനേക്കാള്‍ ബിജെപിയില്‍ ചേരണമെന്ന് ആഗ്രഹിച്ചത് താനാണെന്നും 101 ശതമാനം സംതൃപ്തിയോടെയാണ് ചേര്‍ന്നതെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ങ്ങള് 2019ലെ ലോക്സഭാ തരഞ്ഞടുപ്പില് ബിജെപിയെ പിന്തുണച്ചപ്പോള്‍ എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ തങ്ങളുടെ ബിജെപി പ്രവേശനത്തെ അംഗീകരിച്ചതായും ഷോണ്‍ പറയുന്നു.
പിതാവായ ഗതിയുടെ നിര്‍ദേശപ്രകാരമാണ് പാര്‍വതിയെ മതം മാറ്റിയതെന്ന് പിസി ജോര്‍ജും നേരത്തെ അവകാശപ്പെട്ടിരുന്നു. മരണശേഷം തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യാതിരിക്കാന്‍ തന്റെ മകളെ മാമോദീസ മുക്കണം എന്ന് ജഗതി ആവശ്യപ്പെട്ടന്നായിരുന്നു പിസി ജോര്‍ജ് വെളിപ്പെടുത്തിയത്.
Discussion about this post