തിരുവനന്തപുരം: ഇനിയൊരു ജന്മമുണ്ടെങ്കില്‍ ശ്രീപത്മനാഭനെ ചുറ്റിക്കറങ്ങുന്ന മന്ദമാരുതനായാല്‍ മതിയെന്ന് പത്മശ്രീ ജേതാവ് അശ്വതി തിരുനാള്‍. തുളസിക്കതിരായി ജനിക്കാനായിരുന്നു മുന്‍പ് ആഗ്രഹമെന്ന് അക്കാര്യം ആവശ്യപ്പെട്ട് ഭഗവാന് ആപ്ലിക്കേഷന്‍ അയച്ചിരുന്നെന്നും അവര്‍ പറയുന്നു. ‘കൗമുദി ടി.വി’ക്കു നല്‍കിയ അഭിമുഖത്തിലാണ് അശ്വതി തിരുനാളിന്റെ വിചിത്രമായ വെളിപ്പെടുത്തല്‍.
ആദ്യം ഒരു ആപ്ലിക്കേഷന്‍ ഭഗവാന് അയച്ചു. ഒരു തുളസിക്കതിര്‍ ആയി ജനിക്കണേ ഭഗവാനേയെന്ന്. പത്മനാഭസ്വാമിയുടെ തൃപ്പാദമല്ല, തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് ശ്രീപത്മനാഭസ്വാമിയുടെ തൃപ്പാദത്തിലുള്ള തുളസിയായി തന്നെ ജനിക്കണേയെന്നായിരുന്നു അപേക്ഷയെന്ന് അശ്വതി തിരുനാള്‍ പറയുന്നു.
പെട്ടെന്നൊരു ദിവസം വിചാരിച്ചു, നിര്‍മാല്യമൊക്കെ മാറ്റിപ്പോയാല്‍ തുളസി പോകുമല്ലോ എന്ന്. അവിടെ കടുശര്‍ക്കര വിഗ്രഹമാണ്. അപ്പോള്‍ അഭിഷേകമില്ല. മൂലവിഗ്രഹത്തിന് അഭിഷേകമില്ല. മയില്‍പ്പീലി കൊണ്ട് പതുക്കെ തൂത്താണ് നിര്‍മാല്യം മാറ്റുന്നത്. അപ്പോള്‍ ഇതുപോകുമല്ലോ. അതോടെ മനസ് മാറ്റി. റീഡ്രാഫ്റ്റ് ചെയ്ത അടുത്ത ആപ്ലിക്കേഷന്‍ അയച്ചു. എനിക്ക് തുളസി വേണ്ട, അവിടത്തെ പ്രദക്ഷിണം വച്ചൊരു മന്ദമാരുതനാക്കണേയെന്നായിരുന്നു പുതിയ അപേക്ഷ. ചുറ്റിച്ചുറ്റി ഇങ്ങനെ എപ്പോഴും കറങ്ങിനടക്കാമല്ലോ. ഒരു മന്ദമാരുതനായി ജനിപ്പിക്കണേയെന്ന് അവര്‍ പറയുന്നു.
കൊട്ടാരത്തില്‍ നിന്നും പഠിക്കുന്ന പെണ്‍കുട്ടികള്‍ ജോലിക്ക് പോകണമെന്ന ചിന്ത അന്നും ഇന്നും ഇല്ല. ഒരാളുടെ കീഴില്‍ പോയി നമ്മളെന്തിനാണ് ജോലി ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. അതു മോശമാണെന്നല്ല പറയുന്നതെന്നും അശ്വതി പറഞ്ഞു.
ക്ഷത്രിയ സമുദായത്തിലെ ഒരു അംഗമാണ് ഞാനെന്നതു സന്തോഷത്തോടു കൂടെ തന്നെ പറയുന്നു. ഞങ്ങളുടെ സമുദായത്തില്‍ എല്ലാവരുടെയും വിളിപ്പേര് തമ്പുരാട്ടി എന്നാണ്. തമ്പുരാന്റെയും തമ്പുരാട്ടിയുടെയുമെല്ലാം പൊതുവായുള്ള വിളിപ്പേര് അതാണ്. വിവാദമുണ്ടാക്കുന്നവര്‍ ജാതിപ്പേരുകള്‍ മറന്നുപോകുകയാണ്. നായര്‍, പിള്ള, അയ്യര്‍, മേനോന്‍, വല്യത്താന്‍, ഉണ്ണിത്താന്‍ എന്നിങ്ങനെയുള്ള ജാതിപ്പേരിനോടൊന്നും അവര്‍ക്കു പ്രശ്നമില്ല. ടി.വി ചാനലുകള്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്ത് വെട്ടിമുറിച്ചിട്ടതാണു വിവാദമായത്.
ആര്‍ത്തവവിവാദവും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തതാണ്. ശബരിമല വിഷയത്തില്‍ എന്റെ അഭിപ്രായം തേടിയപ്പോള്‍ ഞാനതു പറഞ്ഞതാണ്. ആര്‍ത്തവം സ്പെസിഫിക് കാരണമായി അതില്‍ വരുന്നുണ്ടല്ലോ. ആര്‍ത്തവത്തിന്റെ അശുദ്ധിയും കെമിക്കല്‍ റിയാക്ഷനെക്കുറിച്ചുമെല്ലാം ഞാന്‍ കേട്ടിട്ടുണ്ട്. ഞങ്ങള്‍ കേട്ടുവളര്‍ന്നതാണത്. ഹിന്ദു സമുദായത്തിനു തുളസി വിശുദ്ധവും പരിപാവനവുമാണ്. ആര്‍ത്തവസമയത്ത് ആരും അതിനു വെള്ളം ഒഴിക്കാറില്ല. തുളസിക്കെന്നല്ല, ഒരു ചെടിക്കും വെള്ളം ഒഴിക്കാറില്ല. അതൊരു ആചാരവും പൊതുവായ കാര്യവുമാണ്. തന്റെ അഭിപ്രായമല്ലെന്നും അശ്വതി തിരുനാള്‍ പറഞ്ഞു.