ചാലക്കുടി: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാന്‍ വണ്ടിയില്‍ എല്‍എസ്ഡി സ്റ്റാംപ് ഉണ്ടെന്ന്് വിളിച്ചറിയിച്ചയാളെ കണ്ടെത്തി. തൃപ്പുണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണ് അന്വേഷണം വഴി തെറ്റിയ്ക്കാന്‍ ശ്രമിച്ചത്. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്‌സൈസ് ഇന്‍സ്‌പെക്ടറെ വിളിച്ച് ഷീലയുടെ സ്‌കൂട്ടറില്‍ എല്‍എസ്ഡി സ്റ്റാംപ് ഉണ്ടെന്ന് വിവരം നല്‍കിയിരുന്നു.
എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ സമഗ്രമായ അന്വേഷണത്തിലാണ് ഈ വഴിത്തിരിവ്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡും ചെയ്തിരുന്നു
ഇറ്റലിയില്‍ ജോലിയ്ക്കായി രേഖകള്‍ സമര്‍പ്പിച്ച സമയത്തായിരുന്നു ഷീലയെ കേസില്‍ കുടുക്കിയത്. വിദേശത്ത് പോയി സാമ്പത്തികമായി ഷീലയ്ക്കും കുടുംബത്തിനും ഉയര്‍ച്ച ഉണ്ടാകുന്നത് തടയുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു.
അടുത്ത ബന്ധു തന്നെ ആസൂത്രിതമായുണ്ടാക്കിയ കേസാണെന്നാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ദീര്‍ഘനാള്‍ ജയില്‍വാസം അനുഷ്ഠിച്ച് പുറത്തിറങ്ങിയ ഷീല ഇപ്പോള്‍ ചാലക്കുടിയില്‍ തന്നെ ബ്യൂട്ടിപാര്‍ലര്‍ നടത്തിയാണ് ഉപജീവനം തേടുന്നത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായവും ലഭിച്ചിരുന്നു.