തിരുവനന്തപുരം: സംസ്ഥാന ബജറ്റ് 2024-25ല്‍ ലൈഫ് ഭവന പദ്ധതിക്കായി വകയിരുത്തിയത് 1132 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ ലൈഫുമായി ബന്ധപ്പെട്ട് ഒരു അവലോകനം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി എം ബി രാജേഷ്.
ഫേസ്ബുക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ വിശകലനകുറിപ്പ്.2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സാധ്യമാക്കുമെന്നും ഇതിനകം ലൈഫ് ഭവനപദ്ധതിക്കായി ആകെ 17,104.87 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി എംബി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ലൈഫ് പദ്ധതിക്ക് അടുത്ത വര്‍ഷത്തേക്ക് 1132 കോടി രൂപയാണ് സംസ്ഥാന ബജറ്റ് വകയിരുത്തിയത്. 2025 മാര്‍ച്ച് 31-നകം ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണം സാധ്യമാക്കും. ഇതിനകം ലൈഫ് ഭവനപദ്ധതിക്കായി ആകെ 17,104.87 കോടി രൂപയാണ് ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം ലൈഫ് പദ്ധതിക്കായി 1966.36 കോടിയാണ് ചെലവഴിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1,51,073 വീടുകള്‍ക്ക് അനുമതി നല്‍കി, ഇതില്‍ 31,386 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. നാളിതുവരെ 3,71,934 വീടുകളാണ് ലൈഫ് വഴി പൂര്‍ത്തിയാക്കിയത്. 1,19,687 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം കോടിയുടെ ഭവന നിര്‍മ്മാണങ്ങള്‍ ലൈഫ് മിഷന്‍ വഴി നടത്തും. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമെ, സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ദീര്‍ഘകാല വായ്പാ പദ്ധതികളും ആവിഷ്‌കരിക്കും.
also read- വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം; ഇംഗ്ലണ്ടിനെ 106 റണ്‍സിന് തറപറ്റിച്ചു
സംസ്ഥാന ബജറ്റില്‍ പി എം എ വൈ ഗ്രാമീണില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിന് 207.92 കോടിയും, പി എം എ വൈ അര്‍ബനായി 133 കോടി രൂപയും ഇതോടൊപ്പം നീക്കിവെച്ചിട്ടുണ്ട്. ഹഡ്‌കോയുടെ വായ്പാ ക്ലെയിം തീര്‍പ്പാക്കുന്നതിന് കെ യു ആര്‍ ഡി എഫ് സി ക്ക് 305.68 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.