കൈപ്പിടിച്ചുയര്‍ത്തിയവര്‍ക്ക് കൈത്താങ്ങാകാന്‍ ബ്ലാസ്റ്റേഴ്‌സ്; ആലപ്പാട് ജനതയ്ക്ക് വേണ്ടി ശബ്ദമുയര്‍ത്തി കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയും

തുടച്ചുമാറ്റപ്പെടും മുമ്പ് ആലപ്പാട് ഗ്രാമത്തെ കൈപിടിച്ച് ഉയര്‍ത്തണമെന്നു ബ്ലാസ്റ്റേഴ്‌സ് പറയുന്നു.

കൊച്ചി: കരിമണല്‍ ഖനനത്തിന്റെ പേരില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന ആലപ്പാട് ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് രംഗത്ത്. സ്വന്തം നാടിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുന്ന ജനതയെ ഒരുപാട് വൈകും മുന്‍പെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയാണ് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ ബ്ലാസ്‌റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജിലാണ് ഫുട്‌ബോള്‍ ആരാധകരുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സ് തേടിയത്.

പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. തുടച്ചുമാറ്റപ്പെടും മുമ്പ് ആലപ്പാട് ഗ്രാമത്തെ കൈപിടിച്ച് ഉയര്‍ത്തണമെന്നു ബ്ലാസ്റ്റേഴ്‌സ് പറയുന്നു.

അതേസമയം, തീരദേശ പ്രദേശമായ ആലപ്പാടിനെ ഇല്ലാതാക്കുന്ന കരിമണല്‍ ഖനനത്തിനെതിരായ നാട്ടുകാരുടെ സമരത്തിന് അനുദിനം പിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ ക്യാംപെയ്ന്‍ വളരെ ശക്തമാണ്. നടന്മാരായ പൃഥ്വിരാജ്, ടൊവീനോ തോമസ്, സണ്ണിവെയ്ന്‍ തുടങ്ങിയ താരങ്ങളെല്ലാം സമരത്തിന് പിന്തുണ നല്‍കിയിരുന്നു.

ഐആര്‍ഇയുടെ കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട്ടെ ജനങ്ങളുടെ സമരം എഴുപത് ദിവസത്തിലേറെയായി നടന്നു വരികയാണ്. അര നൂറ്റാണ്ടിലധികമായി ഇവിടെ അനധികൃത ഖനനം ആരംഭിച്ചിട്ട്.

Exit mobile version