ഇടുക്കി: ലോക്സഭാ സീറ്റ് നിര്‍ണയത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ പൊരിഞ്ഞ തര്‍ക്കം. യുഡിഎഫിന്റെ കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തര്‍ക്കം മുറുകിയതോടെ തിങ്കളാഴ്ച തിരുവനന്തപുരത്ത് അടിയന്തിര ഹൈപവര്‍ കമ്മറ്റി യോഗം വിളിച്ചുകൂട്ടിയിരിക്കയാണ് പിജെ ജോസഫ്.
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തിലേയ്ക്ക് പാര്‍ട്ടി നീങ്ങുന്നതിനിടെയാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തര്‍ക്കം പാര്‍ട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന തലത്തിലേയ്ക്ക് വളര്‍ന്നിരിക്കുന്നത്. അഞ്ച് തവണ ഇടുക്കിയില്‍ പരാജയപ്പെട്ട നേതാവിനെ കോട്ടയത്തേയ്ക്ക് കെട്ടിയിറക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
പാര്‍ട്ടി വര്‍ക്കിംങ്ങ് ചെയര്മാന് പിസി തോമസും കെഎം മാണിയുടെ മരുമകന് കൂടിയായ എംപി ജോസഫുമാണ് ഫ്രാന്‍സീസ് ജോര്‍ജിനൊപ്പം സീറ്റിനായി പരിഗണിക്കപ്പെടുന്നവര്‍ . എന്നാല്‍ നാട്ടുകാരനല്ലാത്ത സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ഒരു വിഭാഗം. മാണി ഗ്രൂപ്പില്‍ നിന്നും ജോസഫ് വിഭാഗത്തിലെത്തിയ ജോയ് എബ്രാഹം, സജി മഞ്ഞക്കടമ്പന്, തോമസ് ഉണ്ണിയാടന്, പ്രിന്‍സ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജിനും പിസി തോമസിനും എംപി ജോസഫിനും എതിരായ നീക്കം. അതേസമയം കോട്ടയം മണ്ഡലത്തില്‍ നിന്ന് മോന്‍സ് ജോസഫ് ഉള്‍പ്പെടെ പിജെ ജോസഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കുമെന്നും ഇവര്‍ പറയുന്നു.
കോട്ടയം ലോക്സഭാ സീറ്റ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മല്സരിച്ചിരുന്നതാണെന്നും ആ അക്കൗണ്ടില്‍ പാര്‍ട്ടിക്ക് കിട്ടുന്ന സീറ്റില്‍ പരമ്പരാഗത മാണി വിഭാഗത്തില്‍ നിന്നും വന്ന നേതാക്കളിലാരെയെങ്കിലും പരിഗണിക്കണമെന്നുമാണ് ജോസഫ് ഗ്രൂപ്പിലെ പഴയ മാണിക്കാരുടെ ആവശ്യം. ഇവര്‍ മുന്നോട്ടുവയ്ക്കുന്ന പേര് തോമസ് ഉണ്ണിയാടന്റേതാണ്. സജി മഞ്ഞക്കടമ്പന് ഉള്‍പ്പെടെ പാര്‍ട്ടി മണ്ഡലത്തില്‍ നിന്ന് ആരെ തെരഞ്ഞെടുത്താലും ഇവര്‍ പിന്തുണയ്ക്കും.
അതേസമയം ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ്, എംപി ജോസഫ് എന്നിവരെ അംഗീകരിക്കില്ലെന്നും ഇവര്‍ പറയുന്നു. അതിനിടെ ഫ്രാന്‍സിസ് ജോര്‍ജിനെ മല്‍സരിപ്പിക്കുകയാണെങ്കില്‍ പാര്‍ട്ടിയില്‍ നേതാക്കളുടെ പ്രോട്ടോക്കോള്‍ നിശ്ചയിക്കണമെന്ന ആവശ്യം മോന്‍സ് ജോസഫും ഉന്നയിച്ചിട്ടുണ്ട്.
പിജെ ജോസഫ് കഴിഞ്ഞാല്‍ രണ്ടാമനായി തന്നെ പ്രഖ്യാപിക്കണമെന്നാണ് മോന്സിന്റെ ആവശ്യം. അടുത്ത തവണ പിജെ ജോസഫ് മല്‍സരിക്കുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനവും മോന്‍സ് ആവശ്യപ്പെടുന്നു. കോട്ടയത്ത് മത്സരിക്കുകയാണെങ്കില്‍ പാര്‍ട്ടിയിലെ മൂന്നാമനായി തന്നെ അംഗീകരിക്കണമെന്നാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ആവശ്യം. അതേസമയം താനും മോന്‍സും കഴിഞ്ഞാല്‍ അപു ജോണ്‍ ജോസഫിനെ പാര്‍ട്ടിയില്‍ മൂന്നാമനാക്കണമെന്നാണ് ജോസഫിന്റെ ആഗ്രഹം.
ഇവര്‍ മൂന്നുപേരുടെയും പാര്‍ട്ടി പ്രോട്ടോകാള്‍ നിശ്ചയിക്കുന്നതാകും കേരള കോണ്‍ഗ്രസിന്റെ അടുത്ത വെല്ലുവിളി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് മസ്കറ്റ് ഹോട്ടലില്‍ ഉന്നതാധികാര സമിതിയോഗം വിളിച്ചു ചേര്‍ക്കാന്‍ പിജെ ജോസഫ് തീരുമാനിച്ചത്.
Discussion about this post