പാലാ: നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്ക് മുന്നില്‍ കോട്ടയം എംപി തോമസ് ചാഴികാടന്‍ അവതരിപ്പിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ചേര്‍പ്പുങ്കല്‍ പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണം എന്നത്. പറഞ്ഞ സന്ദര്‍ഭം ചൂണ്ടിക്കാട്ടി വേദിയില്‍ എംപിയെ തിരുത്തിയെങ്കിലും ചാഴികാടന്റെ ആവശ്യത്തെ മുഖ്യമന്ത്രിയും മുഖവിലയ്ക്ക് എടുത്തു. കേരളാ കോണ്‍ഗ്രസ് എം സമ്മര്‍ദ്ദം ശക്തമാക്കിയപ്പോള്‍ ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മ്മാണം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
പാലത്തിന്റെ പെയിന്റിങ് ജോലികള്‍ ഒഴികെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പൂര്‍ത്തിയായി. ഇത് കഴിഞ്ഞാലുടന്‍ പാലം ജനങ്ങള്‍ക്കായി തുറന്നു നല്‍കുമെന്ന് തോമസ് ചാഴികാടന്‍ എംപി അറിയിച്ചു. പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനിടെ നിയന്ത്രണ വിധേയമായി നിലവില്‍ വാഹനങ്ങള്‍ ഇതുവഴി കടത്തി വിടുന്നുണ്ട്.
പാലം പണി പൂര്‍ത്തിയാകുന്നത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി. 2021ല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ പാലം പണി തടസ്സപ്പെട്ട സമയം പൊതുമരാമത്ത് മന്ത്രിയെ നേരില്‍ കണ്ട് എംപി നിവേദനം നല്‍കിയിരുന്നു. ജോസ് കെ മാണി എംപിയടക്കമുള്ളവരും അന്ന് വിഷയത്തില്‍ ഇടപെട്ടിരുന്നു.
പിന്നാലെ മന്ത്രി ഉന്നതതല യോഗം വിളിച്ച് സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് പണി പുനരാംരംഭിച്ചു. ഇടയ്ക്ക് വീണ്ടും പണി മന്ദഗതിയിലായതോടെയായിരുന്നു എംപി ഇക്കാര്യം നവകേരള സദസ്സില്‍ ഉന്നയിച്ചത്. എംപിയുടെ ആവശ്യം പരിഗണിച്ച് നിര്‍മാണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കി. പൊതുമരാമത്ത് വകുപ്പും ഇടപെട്ടതോടെ നിര്‍മ്മാണം വേഗത്തിലായി.
കെഎം മാണി ധനകാര്യമന്ത്രിയായിരിക്കെയാണ് സമാന്തര പാലത്തിന് പണം അനുവദിച്ചത്. പാലാ – കടുത്തുരുത്തി നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലം നാട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
ആയിരക്കണക്കിന് നാട്ടുകാര്‍ക്ക് പുറമെ നിരവധി തീര്‍ത്ഥാടകര്‍ എത്തുന്ന ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫെറോന പള്ളി, മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ എന്നിവര്‍ക്ക് അടക്കം പാലത്തിന്റെ പ്രയോജനം ലഭിക്കും. ആശുപത്രിയിലേയ്ക്ക് രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ മിനിട്ടുകളോളം പാലത്തില്‍ കുരുങ്ങി കിടക്കുന്നത് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു