മലപ്പുറം: നാല് വര്‍ഷം മുന്‍പ് ക്ഷേത്ര ദര്‍ശനത്തിനിടെ നഷ്ടമായ താലിമാല തിരിച്ചുകിട്ടിയ സന്തോഷത്തില്‍ മലപ്പുറത്തെ സുദീപ. നാലുവര്‍ഷമായി താലിമാലയുടെ ഉടമയെ കാത്തിരുന്ന അന്‍വര്‍ ഷമീമിന് ആശ്വാസ നിമിഷവും. ചെറുകര പുളിങ്കാവിലുള്ള ചെമ്മാട്ട് അനീഷിന്റെ ഭാര്യ സുദീപയുടെ താലി മാലയാണ് നഷ്ടപ്പെട്ടത്.
2019ല്‍ ക്ഷേത്ര ദര്‍ശനത്തിനിടെയാണ് മാല നഷ്ടമായത്. നാല് വര്‍ഷം കഴിഞ്ഞിട്ടും മാലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തന്നെക്കൊണ്ടാവുന്ന തരത്തില്‍ സുദീപയും അനീഷും മറ്റു കുടുംബാംഗങ്ങളും അന്വേഷണം നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല.
നാലുവര്‍ഷത്തിലേറെയായി ഈ താലിമാല കൈവശം വെച്ച് കാത്തിരിക്കുകയായിരുന്നു അങ്ങാടിപ്പുറം മേലേ അരിപ്രയിലെ മാമ്പ്ര നരിമണ്ണില്‍ അന്‍വര്‍ ഷമീം. സെയില്‍സ് ജോലിക്കാരനായ ഷമീമിന് 2019ല്‍ കൊവിഡ് കാലത്ത് പരിയാപുരം മില്ലിന്‍പടിയില്‍ റോഡില്‍ നിന്നാണ് വാഹനം കയറി ചളുങ്ങിയ നിലയില്‍ രണ്ടു പവന്റെ സ്വര്‍ണമാല കിട്ടുന്നത്. അടുത്തുള്ള കടയില്‍ നല്‍കി ഉടമകളാരെങ്കിലും വന്നാല്‍ തിരിച്ചുനല്‍കാന്‍ ഏല്‍പ്പിച്ചു.
പത്തുദിവസം ആരും വരാതായതോടെ ഷമീം സമൂഹമാധ്യമങ്ങളില്‍ മാല ലഭിച്ചത് സംബന്ധിച്ച് പോസ്റ്റ് ഇട്ടു. പല ആളുകളും വിളിച്ചെങ്കിലും പറഞ്ഞ അടയാളം ഒത്തുവന്നില്ല. നാലുവര്‍ഷം പിന്നിട്ടതോടെ ഇനി ആരും വരാനുണ്ടാവില്ലെന്ന് കരുതിയിരിക്കെയാണ് കഥയിലെ ട്വിസ്റ്റ് വരുന്നത്. ഈ കഴിഞ്ഞ ആഴ്ചയാണ് അന്‍വര്‍ ഷമീം മാല കിട്ടിയ വിവരം പെരിന്തല്‍മണ്ണയിലെ സാമൂഹിക പ്രവര്‍ത്തകന്‍ താമരത്ത് ഹംസുവിനെ അറിയിച്ചതും ഉടമയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചതും. ഇതോടെ ജനുവരി 25ന് ഉച്ചക്ക് 12.15 മണിക്ക് മാലയുടെ ഉടമയെ കണ്ടെത്താന്‍ ഹംസു സോഷ്യല്‍ മീഡിയയിലെ തന്റെ ഗ്രൂപ്പുകളില്‍ വ്യാപകമായി അറിയിപ്പ് നല്‍കി.
മരണ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ഹംസുവിന് നിരവധി വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. ഇതുവഴിയാണ് പ്രചാരണം നടത്തിയത്. പിറ്റേ ദിവസം തന്നെ സ്വര്‍ണ്ണമാലയുടെ ഉടമ തെളിവ് സഹിതം ബന്ധപ്പെട്ടു. സ്വര്‍ണ്ണ താലിമാല കഴിഞ്ഞ ദിവസം വൈകീട്ട് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്.എച്ച്.ഒയുടെയും മറ്റു പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ അന്‍വര്‍ ഷമീമും താമരത്ത് ഹംസുവും സുദീപക്ക് കൈമാറി.
Discussion about this post