ന്യൂഡല്‍ഹി: വയനാട്ടിലെ മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടുകൊമ്പനായ തണ്ണീര്‍ കൊമ്പന്‍ എന്ന് വിളിക്കുന്ന ആന ബന്ദിപൂരിലെത്തിച്ചപ്പോള്‍ ചരിഞ്ഞ സംഭവത്തില്‍ വിമര്‍ശനം. വനം വകുപ്പിന്റെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബിജെപി നേതാവ് മനേക ഗാന്ധി ആരോപിച്ചു. കേരള വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോ ആനയെ വീതം കൊല്ലുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.
അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണം. എന്നാല്‍ ഒരു ഉദ്യോഗസ്ഥനെപ്പോലും വനംവകുപ്പ് ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. നേരത്തേ കരടിയേയും പുലിയേയും സമാനമായി കൊന്നെന്നും മനേക വിമര്‍ശിച്ചു.
കൂടാതെ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്നില്ലെനന്നും മനേക ഗാന്ധി ആരോപിക്കുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയ്പ്രസാദിനും എച്ച്ഒഡി ഗംഗ സിങ്ങിനുമെതിരേയാണ് മനേക ഗാന്ധിയുടെ വിമര്‍ശനം.
വെള്ളിയാഴ്ച മാനന്തവാടിയില്‍ ഇറങ്ങിയ തണ്ണീര്‍ കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി കര്‍ണാടക വനംവകുപ്പിന് കൈമാറിയിരുന്നു. ബന്ദിപൂരിലെത്തിച്ച് തുറന്നുവിടുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞത്.