തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരത്തിന് പിന്നാലെ തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് വീണ്ടും പുരസ്‌കാരത്തിളക്കം. തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയംതിരുനാള്‍ ഗൗരി പാര്‍വതിബായിക്ക് ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാര്‍ പട്ടം ലഭിച്ചു. ഫ്രഞ്ച് അധ്യാപിക, തിരുവനന്തപുരത്ത അലൈന്‍സ് ഫ്രാഞ്ചൈസുമായുള്ള ബന്ധം, സ്ത്രീ സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.
1802ല്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ആണ് പുരസ്‌കാരം സ്ഥാപിച്ചത്. ഫ്രാന്‍സിന് അസാധാരണ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക്, ഏത് രാജ്യക്കാരെന്ന ഭേദമില്ലാതെ നല്‍കുന്ന പുരസ്‌കാരമാണിത്. നിലവില്‍ ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റാണ് ഷെവലിയാര്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, ഷെവലിയര്‍ (നൈറ്റ് ഇന്‍ ദ നാഷണല്‍ ഓര്‍ഡര്‍ ഓഫ് ദ ലീജിയണ്‍ ഓഫ് ഓണര്‍) ആയി നിയമിച്ച വിവരം ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഡോ. തിയറീ മാത്തൗ കത്തിലൂടെ അറിയിച്ചു.
കഴിഞ്ഞയാഴ്ച അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായിക്ക് പദ്മശ്രീ ലഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് സഹോദരിയായ പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായിക്ക് ഷെവലിയാര്‍ പട്ടവും ലഭിച്ചത്. മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയുടേയും ലെഫ്റ്റനെന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെ മക്കളും ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ സഹോദരി പുത്രിമാരുമാണ് ഇവര്‍
മലയാളിക്കു ലഭിച്ച അംഗീകാരമാണിതെന്ന് പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി അറിയിച്ചു. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം, ഹിന്ദുധര്‍മപ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം. എല്ലാം പദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്നും അവര്‍ പറഞ്ഞു.