വെള്ള പൈപ്പുകള്‍ തകര്‍ത്ത് ജലധാരയില്‍ കുളിച്ച് രസിക്കല്‍: കാട്ടുകൊമ്പന്‍ ‘തണ്ണീര്‍’ക്കൊമ്പനായതിന് പിന്നില്‍

ബംഗളൂരു: അരിക്കൊമ്പന് ശേഷം സോഷ്യലിടത്ത് വൈറലായ ആനയാണ് തണ്ണീര്‍ക്കൊമ്പന്‍. ഏവരെയും കണ്ണീരലാഴ്ത്തിയിരിക്കുകയാണ് കൊമ്പന്റെ വിയോഗം. ഇപ്പോഴിതാ ആനയ്ക്ക് തണ്ണീര്‍ക്കൊമ്പന്‍ എന്ന പേര് വന്നതെങ്ങനെയെന്ന് നോക്കാം. കര്‍ണാടക ഹസനിലെ കാപ്പിത്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു തണ്ണീര്‍ക്കൊമ്പന്‍. അവിടുത്തെ ജലസേചനത്തിനുള്ള പൈപ്പുകള്‍ തകര്‍ക്കലായിരുന്നു സ്ഥിരം പരിപാടി. പൈപ്പില്‍ നിന്നുള്ള ജലധാരയില്‍ കുളിച്ച് രസിച്ചും വെള്ളം കുടിച്ചും മണിക്കൂറുകളോളം നില്‍ക്കുകയും ചെയ്തതോടെയാണ് കാട്ടുകൊമ്പന് തണ്ണീര്‍ക്കൊമ്പന് എന്ന പേരിട്ടത്. കൃഷിയിടങ്ങളിലും തോട്ടങ്ങളിലും നാശനഷ്മുണ്ടാക്കുമായിരുന്നെങ്കിലും മനുഷ്യരെ ഇതുവരെ ഉപദ്രവിച്ച ചരിത്രമില്ല.

മാനന്തവാടിയെ ഇന്നലെ മുള്‍മുനയില്‍ നിര്‍ത്തിയ ‘തണ്ണീര്‍ക്കൊമ്പന്‍’ ഇന്ന് വെളുപ്പിനാണ ചെരിഞ്ഞത്.മയക്കുവെടിവെച്ചു പിടികൂടി ബന്ദിപൂര്‍ വനമേഖലയിലെത്തിച്ച ശേഷമാണ് ആന ചെരിഞ്ഞത്. ജനുവരി 10ന് കര്‍ണാടക ഹാസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍ നിന്ന് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍ വിട്ട ‘തണ്ണീര്‍’ എന്ന കാട്ടാനയാണ് നാട്ടില്‍ ഭീതിവിതച്ചത്. ബന്ദിപ്പൂര്‍ വനത്തില്‍നിന്ന് 200ഓളം കി.മീറ്റര്‍ സഞ്ചരിച്ചാണ് മൂന്ന് ആനകള്‍ മാനന്തവാടിയിലെത്തിയത്.

വ്യാഴാഴ്ച രാത്രി 11.30ഓടെ നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ സ്റ്റേഷന്‍ പരിധിയിലുള്ള മക്കിമല പായോട് എത്തുകയായിരുന്നു. മൂന്നാനകള്‍ ജനവാസ കേന്ദ്രത്തിലെത്തിയതറിഞ്ഞ വനപാലകര്‍ ഇവയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കൂട്ടം തെറ്റിയ ആന മാനന്തവാടി ഭാഗത്തേക്കു നീങ്ങിയത്. ആന ഇറങ്ങിയതിന് പിന്നാലെ നഗരത്തിലെ സ്‌കൂളുകള്‍ക്കും അവധി നല്‍കി. നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം ബന്ദിപ്പുര്‍ വനമേഖലയില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണിതെന്ന് സ്ഥിരീകരിച്ചു. പകല്‍ മുഴുവന്‍ ആന മാനന്തവാടി ടൗണിന് സമീപത്തെ വയലിനോട് ചേര്‍ന്നാണ് നിലയുറപ്പിച്ചത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ ഉച്ചയോടെ മയക്കുവെടി വച്ച് പിടികൂടാന്‍ ഉത്തരവിടുകയായിരുന്നു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയില്‍ കയറ്റി ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയത്. അര്‍ധരാത്രിയോടെ ആനയെ ബന്ദിപ്പുര്‍ വനത്തില്‍ തുറന്നുവിട്ടു. പിന്നാലെ ആന ചെരിയുകയായിരുന്നു. ആനയെ മയക്കുവെടി വച്ച് വാഹനത്തില്‍ കയറ്റുന്ന സമത്തു തന്നെ തീര്‍ത്തും അവശനായിരുന്നു. എന്നാല്‍ എന്താണ് മരണ കാരണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല.

ജനവാസ മേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടു തവണ തണ്ണീര്‍ക്കൊമ്പനെ മയക്കുവെടി വെച്ചിരുന്നു. ജനുവരി 10നാണ് കര്‍ണാടക ഹസന്‍ ഡിവിഷനിലെ ബേലൂര്‍ എസ്റ്റേറ്റില്‍നിന്ന് പിടികൂടിയ തണ്ണീര്‍ക്കൊമ്പനെ ബന്ദിപ്പുര്‍ വനത്തിലേക്ക് വിട്ടത്. അവിടെ നിന്നാണ് മാനന്തവാടിയില്‍ എത്തിയത്.

Exit mobile version