കോഴിക്കോട്: മാനന്തവാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന് ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്. സംഭവത്തെക്കുറിച്ച് അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുക.
വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയച്ചാല്‍ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതര്‍ അറിയിച്ചത്.
ALSO READ കോഴിക്കോട് നിര്‍ത്തിയിട്ട 1.5 ലക്ഷത്തിന്റെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിനശിച്ചു, പരാതി
ഈ ഘട്ടത്തില്‍ ഊഹാപോഹങ്ങള്‍ പറയുന്നത് ഉചിതമല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ കാരണങ്ങള്‍ വ്യക്തമാകുകയുള്ളു. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങള്‍ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടര്‍നടപടികളും സുതാര്യമാകണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വനംമന്ത്രി പറഞ്ഞു. മറ്റെന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അതും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post