കൊച്ചി: മയക്കുമരുന്ന് പാഴ്സലുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഫോണ്‍ കോള്‍ തനിക്ക് വന്നുവെന്ന് സംവിധായകന്‍ അഖില്‍ സത്യന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അഖില്‍ തനിക്ക് വന്ന സംശയാസ്പദമായ ഫോണ്‍ കോളിനെ കുറിച്ച് സംവിധായകന്‍ പങ്കുവച്ചത്.
മയക്കുമരുന്ന് അടങ്ങിയ കൊറിയര്‍ തന്റെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും ചേര്‍ത്തുകൊണ്ട് മുംബൈയില്‍ നിന്ന് തായ്വാനിലേക്ക് ഒരു പാര്‍സല്‍ പോയിട്ടുണ്ടെന്നായിരുന്നു ഫെഡ്എക്‌സ് കൊറിയര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളെന്ന് അഖില്‍ പറയുന്നു.
മുംബൈ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെടുമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് സ്‌കൈപ്പിലേക്ക് കണക്റ്റ് ചെയ്ത് ഒരു വീഡിയോ പ്രസ്താവന റെക്കോര്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് സംശയാസ്പദമായി എനിക്ക് തോന്നുകയും ഔദ്യോഗിക നമ്പറില്‍ നിന്ന് വിളിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ അദ്ദേഹം ഉടനെ കോള്‍ കട്ട് ചെയ്‌തെന്നും അഖില്‍ പറയുന്നു. താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സംശയാസ്പദമായ ഇത്തരം കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും cybercrime.gov.in-ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അഖില്‍ പറഞ്ഞു.
Discussion about this post