ന്യൂഡൽഹി: പിസി ജോർജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് പ്രതികരിച്ച് പിസി ജോർജ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബിജെപി നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിച്ചു ജയിക്കും എന്ന് ഉറപ്പുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷം പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കുകയല്ല, മറിച്ച് ബിജെപി അംഗത്വം താൻ സ്വീകരിക്കുകയാണ് എന്നാണ് പിസി ജോർജ് പറഞ്ഞത്. ബിജെപി നേതൃത്വവുമായി രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ആണ് തീരുമാനമെന്നും ബിജെപിയിൽ ചേരണം എന്ന ആവശ്യം പാർട്ടിയിലും ശക്തമാണെന്നും പിസി പറയുന്നു.
തങ്ങൾ മാത്രമേ ഉള്ളൂ മറ്റാരും ഇപ്പോൾ ചർച്ചയിൽ കൂടെ ഇല്ലെന്നും പി സി ജോർജ് വിശദീകരിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നണിയുടെ ഭാഗമായിരുന്നു പിസി ജോർജ്. പിന്നീട് വീണ്ടും മുന്നണിയുടെ ഭാഗമാകാനുള്ള താൽപര്യം ജോർജ് അറിയിക്കുകയായിരുന്നു.
ഇതോടെ ബിജെപി അംഗത്വമെടുക്കുക എന്ന നിബന്ധനയാണ് പാർട്ടി മുന്നോട്ട് വെച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ജോർജിന്റെ വരവ് ഗുണകരമായേക്കും എന്നാണ് ബിജെപി പ്രതീക്ഷ.