ആലപ്പുഴ:ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതി വിധിയിൽ സംതൃപ്തിയുണ്ടെന്ന് പ്രതികരിച്ച് കുടുംബം. കേസ് അത്യപൂർവമായ ഒന്നാണെന്നും വിധിയിൽ പൂർണ തൃപ്തിയെന്നും രൺജീതിന്റെ ഭാര്യയും അമ്മയും പ്രതികരിച്ചു.
‘ഞങ്ങളുടെ 770 ദിവസമായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. ഞങ്ങൾക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതി വിധിയിൽ ആശ്വാസമുണ്ട്. ഭഗവാന്റെ വേറൊരു വിധിയുണ്ട്, പ്രകൃതിയുടെ നീതിയുമുണ്ട്. ഞങ്ങൾ അത് കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകേ വരുമെന്ന പ്രതീക്ഷയുണ്ട്. അത്യപൂർവമായ കേസു തന്നെയാണ് ഇത്. ഒരു വീട്ടിൽ കയറി ഒരാളും ഇത്ര ക്രൂരമായി ചെയ്തിട്ടില്ല.’
‘സാധാരണ കൊലപാതകത്തിന്റെ രീതിയിൽ ഉൾപ്പെടില്ല ഇത്. വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അദ്ദേഹത്തെ അവർ കാണിച്ചു വച്ചത്. അതുകണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്. ‘
‘സത്യസന്ധമായി കേസ് അന്വേഷിച്ച് കോടതിയിൽ എത്തിച്ച ഡിവൈഎസ്പി ജയരാജിന്റെ നേതൃത്വത്തിലുള്ള ടീമിന് നന്ദി അറിയിക്കുന്നു. അതോടൊപ്പം തന്നെ പ്രോസിക്യൂട്ടറുടെ പരിശ്രമത്തിനു നന്ദി അറിയിക്കുന്നു. ഇവരോടുള്ള നന്ദിയൊന്നും പറഞ്ഞാൽ തീരില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.’-രൺജീത്തിന്റെ ഭാര്യ പറഞ്ഞു.
ALSO READ- ഹൈറിച്ചിന്റേത് കേരളത്തിലെ ഏറ്റവും വലിയ തട്ടിപ്പ്: ഉടമകള്ക്ക് ജാമ്യം നല്കരുതെന്ന് ഇഡി
അതേസമയം, പോലീസും പ്രോസിക്യൂഷനും ആത്മാർഥമായി പ്രവർത്തിച്ചതുകൊണ്ടാണ് പ്രതികൾക്ക് വധശിക്ഷ ലഭിച്ചതെന്ന് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുകയാണ്. കോടതി വിധി തീവ്രവാദികൾക്കെതിരെയുള്ള ശക്തമായ താക്കീതാണെന്നും ഗോപകുമാർ പ്രതികരിച്ചു.
2021 ഡിസംബർ 19 ന് രൺജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ 15 പ്രതികൾക്കും ഇന്ന് കോടതി വധശിക്ഷ വിധിച്ചിരുന്നു. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി ജി ശ്രീദേവിയാണ് വിധി പുറപ്പെടുവിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post