ദേശീയപാതയിൽ കാറിൽ കറങ്ങി നടന്ന അടച്ചിട്ട വീടുകൾ കണ്ടെത്തും; രാത്രിയിൽ മോഷണം; സംഘത്തെ കുരുക്കി പോലീസ്

വടക്കഞ്ചേരി: ദേശീയപാതയോരത്തെ അടച്ചിട്ട വീടുകളെ ലക്ഷ്യം വെച്ച് മോഷണപരമ്പര നടത്തിയിരുന്ന സംഘത്തെ കുരുക്കി വടക്കഞ്ചേരി പോലീസ്. കേസിലെ മുഖ്യപ്രതികളെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. മലപ്പുറം തേഞ്ഞിപ്പലം കിഴക്കേകോട്ടായി പാലക്കാട്ടുവീട്ടിൽ സൈനുദ്ദീൻ (42), മലപ്പുറം വലിയപറമ്പ് ചിറകര വീട്ടിൽ മുസ്താക്ക് (38) എന്നിവരാണ് അറസ്റ്റിലായത്.

നേരത്തെ, ഈ മാസം 14-ന് കേസിലെ പ്രധാന കണ്ണിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് സിനാനെ (21) വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് മുഖ്യപ്രതികളെ പിടികൂടിയത്.

ദേശീയപാതയിലൂടെ പകൽ കാറിൽ സഞ്ചരിച്ച് നിരീക്ഷണം നടത്തി അടച്ചിട്ട വീടുകൾ കണ്ടുവെച്ച് രാത്രിയിൽ എത്തി മോഷണം നടത്തുന്നതായിരുന്നു ഇവരുടെ രീതി. ഇവർ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചുവട്ടുപാടത്ത് പുതിയിടത്ത് വീട്ടിൽ ജോജി എബ്രഹാമിന്റെ വീട്ടിൽനിന്ന് 20,000 രൂപയും പത്തുപവനുമാണ് പ്രതികൾ കവർന്നത്. അണയ്ക്കപ്പാറയിൽ സുരേഷ്‌കുമാറിന്റെ വീട്ടിൽനിന്ന് ഒന്നരപ്പവനും ആറായിരം രൂപയും കവർന്നു. പ്രതികളെ വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇനി മോഷ്ടിച്ച സ്വർണം കണ്ടെടുക്കാനുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി 964 സിസിടിവി ക്യാമറകളാണ് പരിശോധിച്ചത്.

ALSO READ- ചുമതലയേറ്റ ശേഷം ഒരു വർഷത്തോളം കേരളത്തിൽ നിൽക്കാത്ത ‘കേരളാ ഗവർണർ’; വിമാനയാത്രകളിൽ റെക്കോർഡും; കണക്ക് പുറത്തുവിട്ട് പൊതുഭരണവകുപ്പ്

പിടിയിലായ പ്രതി സൈനുദ്ദീന്റെ പേരിൽ അറുപതോളം മോഷണക്കേസുകളുണ്ട്. മിക്കകേസുകളിലും മുസ്താക്ക് കൂട്ടുപ്രതിയായും ഉൾപ്പെട്ടിട്ടുണ്ട്. മോഷ്ടിക്കുന്ന സ്വർണവും പണവും ആഡംബരജീവിതം നയിക്കാനും ബന്ധുക്കളുടെയും മറ്റും പേരിൽ സ്ഥലം വാങ്ങാനുമാണ് ഉപയോഗിച്ചിരുന്നത്.


കൂടാതെ, നാട്ടുകാരോട് ഗൾഫിൽ ജോലിയാണെന്നുപറഞ്ഞ് സൈനുദ്ദീൻ തെറ്റിദ്ധരിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. വടക്കഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ.പി. ബെന്നി, എസ്.ഐ. ജീഷ്മോൻ വർഗീസ്, ഗ്രേഡ് എസ്.ഐ. സന്തോഷ്, എ.എസ്.ഐ. ദേവദാസ്, സീനിയർ സി.പി.ഒ. പ്രതീഷ്, സി.പി.ഒ. ബാബു, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ.കെ. കൃഷ്ണദാസ്, ബ്ലസൺ ജോസ്, സൂരജ് ബാബു, കെ. ദിലീപ്, റിനു മോഹൻ, വിനു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Exit mobile version