തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ധൂർത്തുകൾ പലതവണ ചർച്ചയായതാണ്. ഈ സാഹചര്യത്തിൽ കേരളത്തിന് പുറത്ത് ഗവർണർ ചിലവിട്ട ദിവസങ്ങളുടെ കണക്കും പുറത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ 1,095 ദിവസങ്ങളിൽ 328 ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിനു പുറത്തായിരുന്നു. രാജ്ഭവൻ പുറത്തുവിടാതെ രഹസ്യമായി സൂക്ഷിച്ച ഈ കണക്കുകൾ പൊതുഭരണവകുപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.
കൂടാതെ ഏറ്റവും കൂടുതൽ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയിലും ആരിഫ് മുഹമ്മദ് ഖാൻ ഇടം നേടി. 2021 ജൂലൈ 29 മുതൽ ഈ മാസം 1 വരെയുള്ള കണക്കുകളാണു പുറത്തെത്തിയത്. 2019 സെപ്റ്റംബറിലാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി ചുമതലയേറ്റത്.
തുടക്കം മുതലുള്ള ഗവർണറുടെ പതിവായുള്ള യാത്രകൾക്കെതിരെ അടുത്തിടെ മന്ത്രിമാർ രംഗത്തു വന്നിരുന്നു. ഗവർണറുടെ യാത്രയ്ക്കായി ബജറ്റിൽ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സർക്കാർ നൽകേണ്ടി വരുന്നുവെന്നും കണക്കുകൾ കാണിച്ച് ആക്ഷേപമുണ്ടായി.
ഗവർണർ ഡൽഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കാണ് ഏറെയും യാത്രകൾ നടത്തിയത്. മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാൾ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര നടത്തിയിരുന്നു.
ഗവർണർ കേരളത്തിനു പുറത്തുപോകുമ്പോൾ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടിരിക്കുന്നത്.