കോട്ടയം: യുഡിഎഫില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനെതിരായ കോണ്‍ഗ്രസിലെ കലാപം അവസാനിക്കും മുമ്പ് പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ കേരള കോണ്‍ഗ്രസിലും തര്‍ക്കം.
കോട്ടയം മണ്ഡലത്തില്‍ നാട്ടുകാരനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നതിന് പുറമെ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, കെഎം മാണിയുടെ മരുമകന്‍ എംപി ജോസഫ് എന്നിവര്‍ സീറ്റിനായി പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞ് സമ്മര്‍ദ്ദം ശക്തമാക്കുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി.
കോട്ടയത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുകൂടി സ്വീകാര്യനായ പേര് നിര്‍ദ്ദേശിക്കാനായിരുന്നു യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. അതിനിടെ നിലവില്‍ പരിഗണിക്കപ്പെടുന്നവരേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയില്‍ സീനിയോറിറ്റി തനിക്കാണെന്ന അവകാശവാദവുമായി യുഡിഎഫ് ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സജി മഞ്ഞക്കടമ്പനും പരസ്യമായി അവകാശവാദവുമായി രംഗത്തെത്തി.
ഇതോടെ സജിയെ എതിര്‍ത്ത് ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി യൂത്ത് ഫ്രണ്ട് നേതാവ് മജീഷ് കൊച്ചുമലയും ഇന്ന് പരസ്യ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഇതോടെ മജീഷിനെ യൂത്ത് ഫ്രണ്ടില്‍നിന്ന് പുറത്താക്കിയതാണെന്ന വാദവുമായി സജി മഞ്ഞക്കടമ്പനെ പിന്തുണച്ച് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമലയും പുറത്താക്കിയിട്ടില്ലെന്നും ഉണ്ടെങ്കില്‍ പ്രസിഡന്റ് തെളിവ് കാണിക്കണമെന്ന് തിരിച്ചടിച്ച് മജീഷ് കൊച്ചുമലയും രംഗത്തെത്തി.
സജി മഞ്ഞക്കടമ്പന്‍ ബ്ലാക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ആളാണെന്നും ‘എനിക്ക് യോഗ്യതയുണ്ടെന്ന് ‘ സജി പറയുന്നതല്ലാതെ സജിയുടെ പേര് പറയാന്‍ പാര്‍ട്ടിയില്‍ വേറെ ഒരാളുമില്ലെന്നുമാണ് മജീഷ് ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം.
ഒറ്റ പേരിന് നിര്‍ദേശം
കോട്ടയത്ത് കാര്യമായ സംഘടനാ ശേഷിയില്ല എന്നറിയാമായിട്ടും കേരള കോണ്‍ഗ്രസിന് മുന്നണി മര്യാദ പാലിക്കാന്‍ സീറ്റ് വിട്ടു നല്‍കാന്‍ ഒരുക്കമാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പക്ഷേ ആരെയെങ്കിലുമായി വന്നാല്‍ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വിജയിക്കുന്ന പേര് വേണം എന്നതാണ് നിര്‍ദേശം.
എന്നാല്‍ ഒറ്റപ്പേരിലെത്താന്‍ ഇനിയും കേരള കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പിജെ ജോസഫിന് ഫ്രാന്‍സിസ് ജോര്‍ജിനോടാണ് താല്‍പര്യം. കോണ്‍ഗ്രസ് നേതൃത്വവും അതംഗീകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ പാര്‍ട്ടിയില്‍ രണ്ടാമനായ മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ കെഎം മാണിയുടെ മരുമകനായ എംപി ജോസഫിന്റെ പേരും രംഗത്തുണ്ട്.
എംപി ജോസഫിനെ വിശ്വാസത്തിലെടുക്കുമോ കോണ്‍ഗ്രസ് ?
എംപി ജോസഫിന്റെ കാര്യത്തില്‍ കേരള കോണ്‍ഗ്രസിലെന്ന പോലെ കോണ്‍ഗ്രസിനും അഭിപ്രായ വ്യത്യാസമുണ്ട്. അധികാരത്തിനുവേണ്ടി ആരുടെ പിന്നാലെയും പോകാന്‍ മടിക്കാത്ത ഒരാളെ കേന്ദ്രത്തിലെ ബിജെപിയുടെ മുന്നിലേയ്ക്ക് ഇറക്കി നിര്‍ത്താന്‍ കോണ്‍ഗ്രസിനു വിശ്വാസക്കുറവുണ്ട്.
ഏകാംഗ പാര്‍ട്ടിയുടെ എംപിയായി ഡല്‍ഹിയിലെത്തിയാല്‍ കേരളത്തില്‍ നിന്നുള്ള ക്രൈസ്തവ നേതാവെന്ന നിലയില്‍ ബിജെപിയില്‍ നിന്നും പ്രലോഭനങ്ങള്‍ ഉണ്ടാകാം.
അധികാരത്തിനുവേണ്ടി, കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന സ്വന്തം ഭാര്യാപിതാവിന്റെ പാര്‍ട്ടിയേപ്പോലും ഉപേക്ഷിച്ച് കോണ്‍ഗ്രസിലെത്തുകയും അവിടെ സീറ്റ് കിട്ടാതെ വന്നപ്പോള്‍ കെഎം മാണിയുടെ എതിരാളിയായ പിജെ ജോസഫിന്റെ പാര്‍ട്ടിയിലേയ്ക്ക് മറുകണ്ടം ചാടുകയും ചെയ്ത എംപി ജോസഫിന് അത്തരം പ്രലോഭനങ്ങളെ അതിജീവിക്കാന്‍ കഴിയും എന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നില്ല.
പിജെ ജോസഫിനും അതറിയാം. മാത്രമല്ല, എംപി ജോസഫ് ഇടയ്ക്ക് ബിജെപിയുമായി അടുക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്ന ആരോപണവും ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്. മണ്ഡലത്തില്‍ പരിചിതനല്ലെന്ന ആരോപണത്തേക്കാള്‍ എംപി ജോസഫിനെതിരായ കോണ്‍ഗ്രസിന്റെ ആക്ഷേപവും ഈ വിശ്വാസ്യതയില്ലായ്മയാണ്.
ഫ്രാന്‍സിസ് ജോര്‍ജിന് നറുക്ക് വീഴുമോ ?
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും ഫ്രാന്‍സിസ് ജോര്‍ജാണ് തമ്മില്‍ ഭേദം എന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. കോട്ടയംകാരന്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ പരിഗണിക്കാവുന്ന പേരുകള്‍ മുന്‍ എംപി പിസി തോമസ്, തോമസ് ഉണ്ണിയാടന്‍ എന്നിവയാണ്. ഈ രണ്ടു പേരുകളെക്കാള്‍ കോണ്‍ഗ്രസിന് സ്വീകാര്യത ഫ്രാന്‍സിസ് ജോര്‍ജിനോടാണ്. പിജെ ജോസഫിന്റെ പിന്തുണയും കൂടിയായാല്‍ ഫ്രാന്‍സിസ് ജോര്‍ജിന് സാധ്യത കല്പിക്കാം. പക്ഷേ പിസി തോമസും ശക്തമായ അവകാശവാദവുമായി രംഗത്തുണ്ട്.