വീണ്ടും മാതൃകയായി പെണ്‍കരുത്ത്..! സ്ത്രീശക്തി വനിതകളുടെ കാരുണ്യത്തില്‍ ഗിരീഷിനും കുടുംബത്തിനും വീട് ഉയരും

കല്ലമ്പലം: കുടുംബശ്രീ പ്രവര്‍ത്തകരുടെ കാരുണ്യ സ്പര്‍ശം നേരത്തേയും കണ്ടതാണ്. ഇപ്പോള്‍ ഇതാ വീണ്ടും മാതൃകയായിരിക്കുന്നു പെണ്‍കരുത്ത്. നഗരൂര്‍ പഞ്ചായത്തില്‍ വെള്ളല്ലൂര്‍ വിയുപി സ്‌കൂളിന് സമീപം സ്വന്തമായി വീടില്ലാതെ ബുദ്ധിമുട്ടന്ന നിര്‍ധന കുടുംബത്തിന് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇവര്‍.

രോഗബാധിതനായ ഗിരീശനും കുടുംബത്തിനുമാണ് കുടുംബശ്രീയുടെ കാരുണ്യസ്പര്‍ശം തണലേകുന്നത്. ഈ നാലംഘ കുടുംബം ഇന്ന് കഴിയുന്നത്
ടാര്‍പോളിന് കീഴിലാണ്. 17 വാര്‍ഡുകളില്‍ 250 ഓളം കുടുംബശ്രീ യൂണിറ്റുകളിലെയും ഓരോ അംഗങ്ങളില്‍ നിന്നും ആഴ്ചയില്‍ 2 രൂപ വീതം സ്വരൂപിച്ച് ഇവരുടെ വീട് നിര്‍മ്മാണത്തിനായി ഉപയോഗിക്കും.

പിന്നണി ഗായിക കെഎസ് ചിത്ര സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇവരുടെ ദയനീയ അവസ്ഥ കണ്ട് സഹായം അഭ്യത്ഥിച്ചിരുന്നു . തുടര്‍ന്ന് ബി സത്യന്‍ എംഎല്‍എ നഗരൂര്‍ ഗ്രാമപഞ്ചായത് പ്രസിഡിന്റ് രഘുവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ ധാരണയാവുകയായിരുന്നു . നഗരൂരിലെ കുടുംബശ്രീ സിഡിഎസ്‌യോഗം ചേര്‍ന്ന കുടുംബശ്രീയുടെ സ്നേഹ നിധി-ഫണ്ടില്‍ നിന്നും ഭവനനിര്‍മ്മാണത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു. ഇന്നലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നേരത്തെ സര്‍ക്കാര്‍ വാങ്ങി നല്‍കിയ ഭൂമിയില്‍ വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു.

മറ്റ് ഭവന പദ്ധതിയായ ലൈഫില്‍ നിന്നും നാല് ലക്ഷം രൂപ ഇതിന് പുറമേ നല്‍കും. പഞ്ചായത്ത് ചുമതലപ്പെടുത്തിയ സങ്കേതിക വിദഗ്ദ്ധരുടെ സഹായത്തൊടെയാണ് വീട് നിര്‍മാണം. ബി സത്യന്‍ എംഎല്‍എ തറക്കല്ലില്‍ കര്‍മ്മം നിര്‍വഹിച്ചു.

Exit mobile version