ഹര്‍ത്താലിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടു വരുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ അനാസ്ഥ പ്രോത്സാഹിപ്പിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി. ഹര്‍ത്താലിനും പണിമുടക്കിനും ആഹ്വാനം ചെയ്യുന്നവര്‍ ജീവിത ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവരുടെ മൗലിക അവകാശം കണക്കിലെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയിലെ ഇടക്കാല ഉത്തരവിലാണ് നിയമനിര്‍മാണം നടത്താത്തതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചത്. സംസ്ഥാനത്തെ സാമ്പത്തിക നഷ്ടം ഇല്ലാതാക്കാനും സാധാരണ ജനജീവിതം ഉറപ്പു വരുത്താനും സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണ്.
പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തിന്റെ പേരില്‍ പൊതുജനത്തിന്റെയും അസംഘടിത വിഭാഗക്കാരുടേയും അന്യസംസ്ഥാന തൊഴിലാളികളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. ഹര്‍ത്താലിനോട് അനുഭാവം കാട്ടാത്തവരുടെ സുരക്ഷയ്ക്ക് ജില്ലാ ഭരണകൂടങ്ങള്‍ മുന്‍കയ്യെടുക്കണം.
തൊഴിലെടുക്കാനും ജീവിക്കാനും ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. 1997 ല്‍ ബന്ദ് ഭരണഘടനാ വിരുദ്ധമായി ഹൈകോടതി പ്രഖ്യാപിച്ചിരുന്നു. ഈ വിധിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഹര്‍ത്താലുകള്‍ക്കും ബാധകമാണ്. 2004 ല്‍ ആരെയും പണിമുടക്ക് നടത്താന്‍ നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.
സമരം ചെയ്യുന്നതിന് മുമ്പ് തൊഴിലാളികള്‍ നോട്ടീസ് നല്‍കണമെന്നു ഇന്‍ഡസ്ട്രിയില്‍ ഡിസ്പ്യൂട്ട് ആക്ടില്‍ പറയുന്നുണ്ട്. ഇതു പോലെയൊരു വ്യവസ്ഥ ഹര്‍ത്താലിന്റെ കാര്യത്തിലും വേണമെന്ന് വ്യക്തമാക്കിയാണ് ഹര്‍ത്താലിനും പണിമുടക്കിനും ഏഴു ദിവസം നോട്ടീസ് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്.