10 വർഷമായി ഒരേ റൂട്ടിൽ മുടങ്ങാതെ ബസ് ഓടിച്ച് ഡ്രൈവർ ഉണ്ണി; വിരമിക്കൽ ദിനത്തിൽ ആദരമൊരുക്കി സ്ഥിരം യാത്രക്കാർ

പാലക്കാട്: ആനവണ്ടി മലയാളികൾക്ക് ഒരു വികാരമാണ് എന്ന് പറയാറുണ്ട്. ആനവണ്ടി മാത്രമല്ല, ബസിലെ ജീവനക്കാരും യാത്രക്കാർക്ക് പ്രിയപ്പെട്ടവരായി മാറാറുണ്ട്. ഇത്തരത്തിൽ സ്ഥിരമായി ഒരേ റൂട്ടിൽ കെഎസ്ആർടിസി ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് വിരമിക്കാനൊരുങ്ങവെ ആദരമൊരുക്കിയിരിക്കുകയാണ് സ്ഥിരം യാത്രക്കാർ.

കെഎസ്ആർടിസി പൊന്നാനി-കോയമ്പത്തൂർ ഫാസ്റ്റ്പാസഞ്ചർ ബസ് 10 വർഷമായി ഓടിച്ചിരുന്ന ഡ്രൈവർ ഉണ്ണിക്കാണ് യാത്രക്കാരുടെ ആദരം. വിരമിക്കുംമുമ്പ്, അവസാന ഡ്യൂട്ടിചെയ്ത ശനിയാഴ്ചയും കൃത്യമായി ബസ് ഓടിച്ച് എത്തിയിരുന്നു ഉണ്ണി. ബസ് കോങ്ങാട് ബസ്സ്റ്റാൻഡിലെത്തിയപ്പോഴാണ് സ്ഥിരംയാത്രക്കാർ ഉണ്ണിക്കു ചെറിയൊരു ആദരമൊരുക്കിയത്.

2003ലാണ് ഉണ്ണി പൊന്നാനി ഡിപ്പോയിൽ സർവീസിൽ കയറിയത്. ചേളാരി കുടൽക്കുഴിമാട് ഹൗസിൽ ഒ ഉണ്ണിയെന്നാണ് മുഴുവൻ പേര്. മേയ് 31-നാണ് വിരമിക്കൂവെങ്കിലും ഇനി അവധിയിൽ പോകാനാണു തീരുമാനം. ജോലിയിൽ അവസാനപ്രവൃത്തിദിനമായിരുന്നു ശനിയാഴ്ച.

അതേസമയം, ഈ റൂട്ടിൽ എന്നാണ് ആദ്യമായി ബസ് ഓടിച്ചതെന്ന് ഉണ്ണിക്ക് ഓർമയില്ല. കോവിഡ് കാലത്തു മൂന്നുമാസം നെടുമങ്ങാട് ഡിപ്പോയിൽ പോയി ജോലി ചെയ്തിരുന്നു. പിന്നീട് അടുത്തിടെ, വെഹിക്കിൾ സൂപ്പർവൈസർ എന്ന തസ്തികയിലേക്കു സ്ഥാനക്കയറ്റവപം കിട്ടി, എന്നാൽ അത് വേണ്ടെന്ന് വെച്ചാണ് ഉണ്ണി ഡ്രൈവറായി തന്നെ തുടർന്നത്.

ALSO READ-മറിയക്കുട്ടിക്ക് കെപിസിസിയുടെ നേതൃത്വത്തിൽ വീടൊരുങ്ങുന്നു; തറക്കല്ലിട്ട് വിപി സജീന്ദ്രനും ഡീൻ കുര്യാക്കോസും

എല്ലാ ദിവസവും രാവിലെ ആറിനു പൊന്നാനിയിൽനിന്ന് കോയമ്പത്തൂരിലേക്കു പോകുന്ന ബസ് രാത്രി 7.30-ഓടെയാണു തിരിച്ചെത്തുക. വിരമിച്ചശേഷം, പറ്റുമെങ്കിൽ താത്കാലികക്കാരനായി കെഎസ്ആർടിസിയിൽ തന്നെ സേവനം ചെയ്യണമെന്നാണ് ഉണ്ണി ആഗ്രഹിക്കുന്നത്.

കോങ്ങാട് ബസ്സ്റ്റാൻഡിൽ സുബ്രഹ്‌മണ്യൻ ചെർപ്പുളശ്ശേരി ഉണ്ണിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഉപഹാരവും നൽകി. ഭാസി, സുനിൽ, അരുൺ, രഞ്ജിത്ത്, പ്രസാദ്, രമേഷ് തുടങ്ങിയവർ നേതൃത്വംനൽകി.

Exit mobile version