അടിമാലി: സർക്കാരിനെതിരെ രംഗത്തെത്തി സോഷ്യൽമീഡിയയിലടക്കം ചർച്ചയായ പൊന്നുരുത്തുംപാറ മറിയക്കുട്ടിക്ക് വീടൊരുക്കാൻ കോൺഗ്രസ്. കെപിസിസി നിർമിച്ചുനൽകുന്ന വീടിന് കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും ചേർന്ന് തറക്കല്ലിട്ടു. 200 ഏക്കർ എന്ന സ്ഥലത്ത് മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു പി കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ എകെ മണി, പിവി സ്കറിയ, എപി ഉസ്മാൻ, ജോയി വെട്ടിക്കുഴി, ഡി കുമാർ, ജി മുനിയാണ്ടി, ഹാപ്പി കെ വർഗീസ്, സി സിനോജ്, പിഐ ബാബു തുടങ്ങിയവർ പങ്കെടുത്തു.
വിധവാപെൻഷൻ മുടങ്ങിയതിനെത്തുടർന്ന് തെരുവിലറങ്ങി സമരം ചെയ്താണ് മറിയക്കുട്ടിയും സുഹൃത്ത് അന്നയും ശ്രദ്ധേയരായത്. രാഷ്ട്രീയ,സാമൂഹിക,സാസ്കാരിക രംഗത്തെ പ്രമുഖർ മറിയക്കുട്ടിക്ക് പിന്തുണയുമായി എത്തുകയും രണ്ട് മാസത്തിനുള്ളിൽ വീട് നിർമിച്ചുനൽകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രഖ്യാപിക്കുകയുമായിരുന്നു.
ALSO READ- വെള്ളച്ചാട്ടം കണ്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ സിമന്റ് ലോറിയിൽ ഇടിച്ചു; ആറ് മരണം
ഈ വാഗ്ദാനം നിറവേറ്റാതിരുന്നത് വലിയ രീതിയിൽ ട്രോളുകൾക്കും കാരണമായി. പിന്നീട് മറിയക്കുട്ടി പ്രധാമന്ത്രി മോഡി പങ്കെടുത്ത ചടങ്ങിലെത്തിയും ചർച്ചയായി. ഇതിന് പിന്നാലെയാണ് ദ്രുതഗതിയിൽ പണിതീർത്ത് താക്കോൽ കൈമാറുന്നതിനുള്ള ചുമതല അടിമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏറ്റെടുത്തത്.
നിർമാണത്തിന് കെപിസിസി അനുവദിച്ച അഞ്ചുലക്ഷത്തിൽ ആദ്യഗഡുവായ രണ്ടുലക്ഷം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറി.
Discussion about this post