അവസാനമായി കണ്ട ഓര്‍മ്മയിലെ ചിത്രം വഴക്കിനിടെ കരയുന്ന അമ്മ: മൂന്നാം വയസ്സില്‍ നഷ്ടമായ അമ്മയെ തേടി 23കാരിയായ മകള്‍

കോഴിക്കോട്: കുഞ്ഞ് നാളില്‍ മനസ്സില്‍ പതിഞ്ഞ അമ്മയെ തേടി ഇരുപത്തിമൂന്നുകാരി റീതി. രണ്ട് പതിറ്റാണ്ട് മുന്‍പ് കാണാതായ അമ്മ മീതയെ തേടി തിരുച്ചിറപ്പള്ളിയിലെ കൊല്ലിടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് റീതി (23). വഴക്കിടെ കരഞ്ഞ് നില്‍ക്കുന്ന അമ്മയുടെ മുഖമാണ് മൂന്നു വയസ്സുകാരിയായിരുന്ന റീതിയുടെ ഓര്‍മ്മയിലുള്ളത്.

കടലുണ്ടി സ്വദേശിയായ പിതാവ് തിരുച്ചിറപ്പള്ളിയില്‍ ജോലി ചെയ്യുന്ന കാലത്താണ്, കൊല്ലിടം മാരുതി നഗറിലെ മീത (ശാന്തി) എന്ന തമിഴ് പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം ചെയ്തത്. റീതി ജനിച്ചതും 3 വയസ്സു വരെ ജീവിച്ചതും അവിടെയാണ്. മീത ഓടിപ്പോയി എന്നു പറഞ്ഞ് 3 വയസ്സുള്ള റീതിയെയും കൊണ്ടു പിതാവ് ഒരു ദിവസം കടലുണ്ടിയിലേക്ക് മടങ്ങുകയായിരുന്നു. 20 വയസ്സു വരെ പിതാവിന്റെ കുടുംബത്തോടൊപ്പം കടലുണ്ടിയിലായിരുന്നു താമസിച്ചത്. 2021 ല്‍ തിരുച്ചിറപ്പള്ളിയിലെ എന്‍ജിനീയറിങ് കോളജില്‍ ചേര്‍ന്നു. പിതാവിനൊപ്പം വീടെടുത്ത് അവിടെയായിരുന്നു താമസം.

ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് രണ്ടാം വര്‍ഷ പഠനത്തിനിടെ പിതാവിന്റെ ക്രൂരമായ ഉപദ്രവം മൂലം താമസം ഹോസ്റ്റലിലേക്ക് മാറ്റി. അതിനിടെയാണ് അമ്മയെയും സമാന സാഹചര്യത്തില്‍ നഷ്ടപ്പെട്ടതായിരിക്കുമോ എന്ന ചിന്ത മനസ്സില്‍ കൂടുകൂട്ടിയത്. കൊല്ലിടത്തെ ഉയര്‍ന്ന സാമ്പത്തിക സ്ഥിതിയിലുള്ള വീട്ടിലെ പെണ്‍കുട്ടിയായിരുന്നു മീത. 2 വര്‍ഷം ചെന്നൈ എയര്‍പോര്‍ട്ടില്‍ അവര്‍ ജോലി ചെയ്തിരുന്നതായും റീതി അന്വേഷിച്ച് കണ്ടുപിടിച്ചു.

അതേസമയം, പിതാവ് സാമ്പത്തികമായി സഹായിക്കുന്നതില്‍ നിന്നും പിന്‍മാറിയതോടെ റീതിയുടെ പഠനവും അമ്മയ്ക്കായുള്ള അന്വേഷണവും അവതാളത്തിലാണ്. അതോടെയാണ് കൊല്ലിടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രോഗവും റീതിയെ വേട്ടയാടുന്നുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞു രക്തക്കുഴലുകളില്‍നിന്നും രക്തം പുറത്തേക്കു വരുന്ന ഗുരുതര അസുഖവുമുണ്ട് റീതിക്ക്. ദൈനംദിന ചെലവുകള്‍ക്കും ബുദ്ധിമുട്ടുകയാണ്. കൂട്ടുകാരുടെയും കുടുംബത്തിന്റെയും തണലിലാണ് റീതിയുടെ ജീവിതം മുന്നോട്ടുപോകുന്നത്.

Exit mobile version