കൃഷിയിടത്തിലെ വൈദ്യുതവേലിയിൽ നിന്നും ഷോക്കേറ്റു; വയനാട്ടിൽ ദമ്പതികൾക്ക് ദാരുണ മരണം

പുല്പള്ളി:കൃഷിയിടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്.സരസുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശിവദാസും അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടുചേർന്നുള്ള സ്വന്തം കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലിയുണ്ടായിരുന്നു.


ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിലെ കുളത്തിൽ മോട്ടോർ സ്ഥാപിക്കുന്നതിനായി ദമ്പതിമാർ ഇവിടേക്കെത്തുകയായിരുന്നു.
Also read-വീട്ടുജോലിക്കാരിക്ക് ക്രൂരമർദ്ദനം; പൊള്ളലേൽപ്പിച്ചു; ഡിഎംകെ എംഎൽഎയുടെ മകനും മരുമകളും അറസ്റ്റിൽ

ഇവിടെ പണി നടക്കുന്നതിനിടെ നടക്കുമ്പോൾ വൈദ്യുതവേലി മറികടന്ന സമയത്ത് അബദ്ധത്തിൽ കാൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിനുള്ളിൽ ചെറിയ കുറ്റികൾ സ്ഥാപിച്ച് അതിൽ നൂൽക്കമ്പികെട്ടിയാണ് വേലിയൊരുക്കിയിരുന്നത്.


കൃഷിയിടത്തിലെ ചാലിൽ വീണു കിടക്കുകയായിരുന്ന ഇവരെ ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വൈദ്യുതി വിച്ചേദിച്ചു ആശുപത്രിയിൽ എത്തിച്ചത്.

ഇരുവരെയും സ്വകാര്യ ആശുപത്രിയിലും പിന്നീട് ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version