തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാര്‍ക്ക് മയക്കുമരുന്ന് നല്കി മോഷണം നടത്തി 5 അംഗ സംഘം. ഇതില്‍ രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി. വീട്ടിലെ മൂന്നുപേര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കി മയക്കി കിടത്തിയിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്. അബോധാവസ്ഥയിലായ വയോധിക ഉള്‍പ്പെടെ ഉള്ളവര്‍ ആശുപത്രിയിലാണ്.
വര്‍ക്കല ഹരിഹരപുരം എല്‍പി സ്കൂളിന് സമീപമാണ് സംഭവം നടന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി, മരുമകള്‍ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയില്‍ വീട്ടില്‍ കണ്ടെത്തിയത്. രണ്ടാഴ്ചയായി ഇവിടെ നേപ്പാള്‍ സ്വദേശിയായ യുവതി വീട്ടുജോലിക്ക് വരുന്നുണ്ടായിരുന്നു.
ഇവരും ഇവരുടെ കൂട്ടാളികളായ 4 പുരുഷന്മാരും ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് വീട്ടിലുളളവരെ മയക്കിയത്. 4പേര് എത്തി വീട്ടിലെ അലമാര കുത്തിത്തുറന്ന് പണവും സ്വര്‍ണവും മോഷ്ടിക്കുകയായിരുന്നു. ശ്രീദേവിയമ്മയുടെ മകന് ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
ഇയാള്‍ അമ്മയെയും ഭാര്യയും ഫോണില്‍ മാറിമാറി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് ബന്ധുവിനെ വീട്ടിലേക്ക് അയച്ചപ്പോഴാണ് മോഷ്ടാക്കള്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയത്. ഇതിലൊരാളെ നാട്ടുകാര്‍ അപ്പോള്‍ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടി പോലീസില്‍ ഏല്പിച്ചത്.
ഇവര്‍ 2 പേരും നേപ്പാള്‍ സ്വദേശികളാണ്. മോഷണത്തിലെ മുഖ്യപ്രതിയായ സ്ത്രീയുടെയും മറ്റ് രണ്ട് പേരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
Discussion about this post