തൊടുപുഴ: പ്രായം ശരീരത്തെ ചെറുതായി പോലും തളര്‍ത്തിയാലും മനസ്സിനെ തളര്‍ത്തില്ലെന്ന് തെളിയിച്ച് കാണിച്ച കേരളത്തിന്റെ ‘അക്ഷരമുത്തശ്ശി’ വിടചൊല്ലി. തന്റെ 108ാമത്തെ വയസ്സില്‍ പഠിക്കാനിറങ്ങി വിജയം നേടിയ കമലക്കണ്ണിയമ്മയാണ് അന്തരിച്ചത്.
ഇന്നലെ രാവിലെയാണ് അന്തരിച്ചത്. 110 വയസ്സായിരുന്നു. ഇടുക്കി വണ്ടന്മേട് സ്വദേശിനിയാണ് കമലക്കണ്ണിയമ്മ. 2021-22ല്‍ സാക്ഷരതാ പരിപാടിയില്‍ കേരളത്തിലെ ഏറ്റവും പ്രായം കൂടിയ പഠിതാവായിരുന്ന കമലക്കണ്ണിയമ്മ. മാലി ഇഞ്ചപ്പടപ്പിലായിരുന്നു താമസം.
2022 മാര്‍ച്ചിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും ചേര്‍ന്നു നടത്തുന്ന കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയിലൂടെ അക്ഷരങ്ങള്‍ പഠിച്ച് കമലക്കണ്ണിയമ്മ പരീക്ഷയെഴുതിയത്. 100ല്‍ 98 മാര്‍ക്കോടെ മികച്ച വിജയവും നേടിയിരുന്നു.
കമലക്കണ്ണിയമ്മയെ സ്വന്തം പേര് എഴുതാനുള്ള മോഹമാണ് 108-ാം വയസ്സിലും അക്ഷരം പഠിക്കാന്‍ പ്രേരിപ്പിച്ചത്. കുട്ടിക്കാലത്ത് തേയിലത്തോട്ടത്തിലായിരുന്നു ജോലി. വിവാഹശേഷം പിന്നീടു ഭര്‍ത്താവ് ശങ്കറിനൊപ്പം ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്തു.
ഭക്ഷണത്തില്‍ ഉള്‍പ്പെടെ ചിട്ടയായ ജീവിതചര്യയാണ് ഈ മുത്തശ്ശി തുടര്‍ന്നുവന്നിരുന്നത്. ഭര്‍ത്താവിന്റെ മരണശേഷം ഇളയമകന് ചെല്ലദുരൈയ്ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
Discussion about this post