തിരുവനന്തപുരം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കി കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടിഎം പരീത് (49) ആണ് അവസാന നിമിഷവും കര്‍മനിരതനായത്.
തിരുവനന്തപുരത്തു നിന്നും തൃശൂരിലേക്കു പോയി തിരികെ വരുകയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്. ഇതിനിടെ കരുനാഗപ്പള്ളിക്കു സമീപം വെറ്റമുക്കില്‍ എത്തിയപ്പോഴാണ് പരീതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീണ പരീതിനെ കണ്ടക്ടറും യാത്രക്കാരും ചേര്‍ന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. അവിടെ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴായിരുന്നു യാത്രാമധ്യേ മരണം സംഭവിച്ചത്.