തൃപ്പൂണിത്തുറയില്‍ നിര്‍മാണം നടക്കുന്ന വീടിന് സമീപം തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന് സമീപം തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു തലയോട്ടി. പോലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തി.

തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയിലെ കിഷോര്‍കുമാര്‍ എന്നയാളുടെ പറമ്പിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രാവിലെ ഒന്‍പതരയോടെ വീട് നിര്‍മ്മാണത്തിന് വേണ്ടി എത്തിയ തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്. വീടിന്റെ മുന്നില്‍ വൃത്തിയാക്കാനായി പുല്ലും മറ്റും നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളില്‍ തലയോട്ടി കണ്ടത്. സമീപത്തായി കൈ, അരക്കെട്ട് എന്നീ ഭാഗങ്ങളിലെ അസ്ഥികളും കണ്ടു. തുടര്‍ന്ന് ഉടമയെയും പോലീസിനെയും അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസമാണ് വീടിന്റെ നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍ ജൂണ്‍ മാസത്തോടെ നിലച്ചു. കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. അസ്ഥികള്‍ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ട് വന്ന് ഉപേക്ഷിച്ചതാണോ എന്നാണ് സംശയം. എസിപിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തി.

Exit mobile version