പാലക്കാട്: ഹൈക്കോടതി ഉത്തരവുമായി എത്തിയ വ്യക്തിയില്‍ നിന്നും ഭൂമിയുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍സിദാര്‍ പിടിയില്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ വടവന്നൂര്‍ ഊട്ടറ വി. സുധാകരനെയാണ് (53) പാലക്കാട് വിജിലന്‍സ് യൂണിറ്റ് അറസ്റ്റു ചെയ്തത്.
ഹൈക്കോടതി ഉത്തരവുമായെത്തിയ ആളുടെ കൈയ്യില്‍ നിന്നും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അരലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെയാണ് വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. കഞ്ചിക്കോട് സ്വദേശിയായ പരാതിക്കാരന്‍ ഒരേക്കര്‍ പുരയിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി 2023 അവസാനത്തോടെയാണ് ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പുമായി താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
രേഖയ്ക്കായി പലപ്രാവശ്യം ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും വി സുധാകരന്‍ രേഖ അനുവദിച്ചില്ല. പെട്ടെന്നൊന്നും രേഖ തരാന്‍ പറ്റില്ലെന്നും അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞ് മടക്കിയയച്ചു. വലിയൊരു പദ്ധതിക്കുവേണ്ടിയായതിനാല്‍ ചെലവ് ചെയ്യേണ്ടിവരുമെന്നും തഹസില്‍ദാര്‍ പരാതിക്കാരനോട് പറയുകയായിരുന്നു.
തുടര്‍ന്ന് ഓഫീസില്‍ വെച്ച് 50,000 രൂപ കൈമാറണമെന്ന് തഹസില്‍ദാര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് പരാതിക്കാരന്‍ ഫോണില്‍ തഹസില്‍ദാരെ വിളിച്ചപ്പോള്‍ 50,000 രൂപയുമായി വൈകീട്ട് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം പാലക്കാട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സിഎം ദേവദാസിനെ അറിയിച്ചത്.
also read- ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം വിളമ്പില്ലെന്ന്; ഹോട്ടൽ ഉടമ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ
തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശ പ്രകാരം പ്രത്യേകമായി തയ്യാറാക്കിയ നോട്ടുകള്‍ പരാതിക്കാരന്‍ തഹസില്‍ദാര്‍ക്ക് കൈമാറുകയും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഓഫീസില്‍ വെച്ച് തഹസില്‍ദാരെ കൈയോടെ പിടികൂടുകയുമായിരുന്നു.