ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കെഎസ് ഷാനിന്റെയും രൺജിത്ത് ശ്രീനിവാസന്റെയും രക്തം ചിലർ ചിന്തിയപ്പോൾ നടുങ്ങിയത് ആലപ്പുഴ ജില്ല മാത്രമല്ല, കേരളക്കര ഒന്നാകെയാണ്.
അന്ന്, 2021 ഡിസംബർ 18-നും 19-നുമായി കൊല്ലപ്പെട്ടത് ബിജെപിയുടെയും എസ്ഡിപിഐയുടെയും സംസ്ഥാന നേതൃത്വത്തിലുള്ളവരെന്നത് പോലീസ് സേനയെ പോലും ഞെട്ടിച്ചു. കെഎസ്ആ ഷാനിന്റെ കൊലപാതകത്തിന് പിന്നാലെ തിരിച്ചടിയായി ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നു എങ്കിലും അഭിഭാഷകനും നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച രൺജീത്ത് ശ്രീനിവാസനെ ലക്ഷ്യം വെയ്ക്കുമെന്ന് പോലീസ് പോലും കരുതിയിരുന്നില്ല. കാര്യമായ സുരക്ഷാ സന്നാഹങ്ങൾ ഒരുക്കാനും ആക്രമണം തടയാനും അതുകൊണ്ട് തന്നെ പോലീസിന് സാധിച്ചില്ല.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ കെഎസ് ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത് 2021 ഡിസംബർ 18-ന് രാത്രിയോടെയായിരുന്നു. കൊലപാതകത്തിൽ ആർഎസ്എസ് പ്രവർത്തകർ പിടിയിലാവുകയും ചെയ്തു.
ഈ കൊലപാതക വാർത്ത സമൂഹ മനഃസാക്ഷിക്ക് ഏൽപ്പിച്ച ആഘാതം മായും മുൻപെയാണ് മണിക്കൂറുകൾക്കുള്ളിൽ ഡിസംബർ 19-ന് പുലർച്ചെ രൺജീത് ശ്രീനിവാസനെ വീട്ടില്ഡ കയറി വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികാരത്തിനായി എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ മണിക്കൂറുകൾക്കുള്ളിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു രൺജീത്തിന്റെ ദാരുണമായ കൊലപാതകം.
ALSO READ- കുളിക്കാനായി കുളത്തിലിറങ്ങിയ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം കായംകുളത്ത്
രണ്ടുവർഷങ്ങൾക്ക് ശേഷമാണ് ഈ കേസിൽ കോടതി വിധിയെത്തുന്നത്. കേസിൽ അറസ്റ്റിലായ 15 പ്രതികളും കുറ്റക്കാരാണെന്ന് മാവേലിക്കര കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രതികളുടെ ശിക്ഷ ജനുവരി 22-ന് തിങ്കളാഴ്ച വിധിക്കും.നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൾകലാം, സഫറുദ്ദീൻ, മുൻഷാദ്, ജസീബ് രാജ, നവാസ്, ഷെമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി പൂവത്തിങ്കൽ, ഷംനാസ് അഷ്റഫ്എന്നിവരാണ് കേസിലെ പ്രതികൾ.
ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്നു രൺജീത്ത് ശ്രീനിവാസൻ. 2021 ഡിസംബർ 19-ന് പുലർച്ചെ പ്രഭാത സവാരിക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെയാണ് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് ആറുബൈക്കുകളിലായി എത്തിയ 12 അംഗസംഘം ഇരച്ചെത്തി രൺജീത്ത് ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. അമ്മയും ഭാര്യയും മകളും ദൃക്സാക്ഷികളായി നിൽക്കെയാണ് രൺജീത്തിനെ അക്രമികൾ 20ലേറെ തവണ വെട്ടിയത്. ആശുപത്രിയിലെത്തിക്കും മുൻപ് തന്നെ രൺജീത്ത് മരണപ്പെട്ടിരുന്നു.
മണ്ണഞ്ചേരിയിൽ കെഎസ് ഷാനിനെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ആർഎസ്എസിലേയും ബിജെപിയിലെയും സംസ്ഥാന നേതാവിനെ പ്രതികൾ ലക്ഷ്യമിട്ടത്. ഇതിനായി പട്ടികയും തയ്യാറാക്കിയിരുന്നു എന്ന് വ്യക്തമായത് കൃത്യം നടന്നതിന് ശേഷമാണ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നേരത്തെ തയ്യാറാക്കിയ ഹിറ്റ് ലിസ്റ്റിൽ ഒന്നാമതായുണ്ടായിരുന്നത് രഞ്ജിത് ശ്രീനിവാസന്റെ പേരാണെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ
Discussion about this post