കാളികാവ് : നന്മ വറ്റാത്ത ലോകത്തിന്റെ നേർക്കാഴ്ചയായി കാളികാവ് ചോക്കാട് പെടയന്താളിലെ കുഞ്ഞിരാമനെന്ന ലോട്ടറി കച്ചവടക്കാരൻ. ചൂരപ്ര കുഞ്ഞിരാമൻ എന്നറിയപ്പെടുന്ന ഇദ്ദേഹം ഒരുദിവസം 120 ലോട്ടറി ടിക്കറ്റുകൾവരെ വിൽക്കാറുണ്ട്. വലിയ മോശമില്ലാത്ത ഒരു തുക ഇത്തരത്തിൽ ലോട്ടറിയിൽ നിന്നും മിച്ചം പിടിക്കും.
ഈ പണംകൊണ്ട് പതിവായി വീട്ടുസാധനങ്ങൾ വാങ്ങിക്കുകയാണ് കുഞ്ഞിരാമന്റെ രീതി. ഈ സാധനങ്ങളൊന്നും സ്വന്തം ഉപയോഗത്തിനല്ല. സമാപത്തെ വീടുകളിലുള്ള നിർധനരായ ആളുകൾക്ക് ഉപകാരപ്പെടുത്താനാണ്.
നിലമ്പൂരിനടുത്ത ചെറിയ ഗ്രാമമാണ് ചോക്കാട്. ഇവിടുത്തെ പാലിയേറ്റീവ് ക്ലിനിക്കിനുകീഴിലെ നിർധനരായ രോഗികളുടെ വീട്ടിലേക്കാണ് കുഞ്ഞിരാമന്റെ സഹായഹസ്തം നീളുന്നത്. 75 വയസ് പിന്നിടുന്ന കുഞ്ഞിരാമന്റെ ഈ സത്പ്രവർത്തി യുവാകക്ൾക്കും മാതൃകയാണ്. തനിക്ക് ചുറ്റും ഒട്ടനേകം പേർ വിശന്ന് കഴിയുമ്പോൾ താൻ വയറുനിറച്ചുണ്ണുന്നതിന്റെ ഔചിത്യമില്ലായ്മയാണ് കുഞ്ഞിരാമനെന്ന ഈ മനുഷ്യ സ്നേഹിയെ സൃഷ്ടിച്ചത്.
സ്വന്തം വീട്ടുചെലവ് മക്കൾ നോക്കുമല്ലോ എന്ന ആശ്വാസമാണ് കുഞ്ഞിരാമനുള്ളത്. ഒരിക്കൽ പാലിയേറ്റീവ് അംഗങ്ങൾക്കൊപ്പം വീടുകളിൽ പരിചരണത്തിനു പോയപ്പോൾ രോഗികളുടെ മുഖത്തുകണ്ട ആശ്വാസവും സന്തോഷവുമാണ് കുഞ്ഞിരാമനെ മാറ്റി ചിന്തിപ്പിച്ചത്.
അന്ന് കണ്ണിൽ നിന്നും പൊടിഞ്ഞ ആ കണ്ണീർ ഊർജ്ജമാക്കി അദ്ദേഹം അധ്വാനിക്കുകയാണ് തനിക്ക് കഴിയും പോലെ സഹായങ്ങൾ എത്തിക്കാൻ. ആദ്യമായി താൻ പരിചരിച്ച രോഗിയുടെ മുഖത്തുണ്ടായ ആശ്വാസം കണ്ടപ്പോൾ ദൈവം നിലത്തിറങ്ങി വന്നതുപോലെയുള്ള അനുഭവമായിരുന്നെന്നാണ് കുഞ്ഞിരാമന്റെ വാക്കുകൾ.
മനുഷ്യസ്നേഹി മാത്രമല്ല, പക്ഷിമൃഗാദികൾക്കും കുഞ്ഞിരാമൻ തണലൊരുക്കുന്നുണ്ട്. രാവിലെ എഴുന്നേറ്റാലുടൻ വീടിന്റെ നാലുഭാഗത്തും പക്ഷിമൃഗാദികൾക്ക് വെള്ളവും ഭക്ഷണവും നിറച്ചുവെയ്ക്കും. കുളിക്കാനായി പുഴയിലേക്കു പോകുമ്പോൾ കുറച്ച് ചോറെടുത്തു പുഴയിലെ മീനുകൾക്ക് ഇട്ടുകൊടുക്കും.
വർഷത്തിൽ ഒരിക്കൽ നിലമ്പൂർ സിഎച്ച് സെന്റർ, കാളികാവ് ഹിമ, ചോക്കാട് ശാന്തിസദൻ എന്നിവിടങ്ങളിൽ അന്തേവാസികൾക്ക് ഭക്ഷണവും അദ്ദേഹം എത്തിക്കാൻ മറക്കാറില്ല. ഇക്കഴിഞ്ഞദിവസം പാലിയേറ്റീവ് ദിനാചരണ സംഗമത്തിനിടയിൽ മറ്റൊരു മാതൃകകൂടി കുഞ്ഞിരാമൻ സൃഷ്ടിച്ചു.
ചോക്കാട് പാലിയേറ്റീവ് ക്ലിനിക്കിലെ നഴ്സിനുള്ള ഒരു മാസത്തെ ശമ്പളത്തിനുള്ള തുക നൽകിയാണ് കുഞ്ഞിരാമൻ മാതൃകാ പ്രവർത്തി ചെയ്തത്.
Discussion about this post