കൊച്ചി: വീണ്ടും മഹാരാജാസ് കോളേജിൽ അധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ആക്രമണം. കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ മൂന്നാം വർഷ അറബിക് ബിരുദ വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. അസി. പ്രൊഫസർ ഡോ. കെ.എം. നിസാമുദ്ദീനാണ് വിദ്യാർഥി മുഹമ്മദ് റാഷിദിന്റെ ആക്രമണ്തതിനിരയായത്.
ബുധനാഴ്ച പകൽ 12-നായിരുന്നു സംഭവം. അറബിക് ഡിപ്പാർട്ട്‌മെന്റിൽ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോട് പ്രകോപനപരമായി സംസാരിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംസാരിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് പ്രിൻസിപ്പൽ റൂമിലേക്ക് അധ്യാപകൻ പോവുകയായിരുന്നു.
എന്നാൽ, കോണിപ്പടിക്കു സമീപം വെച്ച് മുഹമ്മദ് റാഷിദ് അധ്യാപകനെ തടയുകയും അരയിൽ കരുതിയിരുന്ന കത്തിപോലുള്ള ആയുധത്തിന്റെ പിടികൊണ്ട് പിറകിൽ രണ്ടുതവണ ഇടിക്കുകയും ചെയ്തു. കൂടാതെ, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്താണ് പോയത്. പിന്നീട് സഹപ്രവർത്തകർ ചേർന്ന് അധ്യാപകനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുറച്ചുനാൾ മുൻപ് ടൂറിസം ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ വിനോദ യാത്രയ്ക്ക് പോവുന്നതിനിടെ ഒരു സംഘം വിദ്യാർഥികൾ ട്രെയിനിൽ കയറി ആക്രമിച്ചിരുന്നു. ഇതിനെ ചൊല്ലി കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷവുമുണ്ടായിരുന്നു. തുടർന്ന് അറബിക് അധ്യാപകൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇപ്പോഴുണ്ടായ ആക്രമണമെന്നാണ് പോലീസ് കണ്ടെത്തൽ.
ALSO READ- മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു
അധ്യാപകന്റെ പരാതിയിൽ സെൻട്രൽ പോലീസ് കേസെടുത്തിട്ടുണ്ട്. കേൾവിപരിമിതിയുള്ള അധ്യാപകനാണ് നിസാമുദ്ദീൻ. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ വിദ്യാർഥിസമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി പ്രവർത്തകനാണ് അധ്യാപകനെ മർദിച്ചത്. കോളേജിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഫ്രറ്റേണിറ്റി-കെഎസ്‌യു അവിശുദ്ധ സഖ്യം നിരന്തരമായി ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്നു ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, സെക്രട്ടറി അർജുൻ ബാബു എന്നിവർ പ്രതികരിച്ചു.
Discussion about this post