തൃശ്ശൂർ: ഗുരുവായൂരിലും തൃപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കായി ഒരുക്കിയിരിക്കുന്നത് 3000 പോലീസുകാരുടെ സുരക്ഷ. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ എത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിൽ വിശ്രമിച്ച ശേഷമാണ് തൃപ്രയാറിലേക്ക് തിരിക്കുക.
രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾക്ക് നടുവിലായി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതോടെ കേരളത്തിലെ അദ്ദേഹത്തിന്റെ സന്ദർശനം ആരംഭിക്കും. കനത്ത ഗതാഗത നിയന്ത്രണങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക.
ബുധനാഴ്ച ഗുരുവായൂരിൽ രജിസ്റ്റർചെയ്തിട്ടുള്ള 80 വിവാഹങ്ങളും നടക്കുമെങ്കിലും വിവാഹത്തിന്റെ സമയങ്ങളിൽ മാറ്റമുണ്ടാകും. പ്രധാനമന്ത്രി പങ്കെടുക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെ അതേ സമയത്ത് മറ്റ് മണ്ഡപങ്ങളിൽ വിവാഹം നടക്കും. ഈ സമയത്ത് താലികെട്ടുന്ന വധൂവരന്മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം.
പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് ക്ഷേത്രത്തിനകത്ത് ഉദ്യോഗസ്ഥരും പാരമ്പര്യപ്രവൃത്തിക്കാരുമടക്കം 15 പേർക്കാണ് പ്രവേശനാനുമതി. ദേവസ്വം ഭരണസമിതിയംഗങ്ങൾക്ക് കൊടിമരത്തിനുസമീപം നിൽക്കാം. അതേസമം, പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ എത്തുമ്പോൾ തന്ത്രിയുൾപ്പെടെ അഞ്ചുപേർക്കേ അനുവാദമുണ്ടാകൂ.
ഇവിടെ സുരക്ഷാനടപടികൾക്കായി 3,000 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. പ്രധാനമന്ത്രി ക്ഏഷ്തര സന്ദർശന സമയത്ത് മുണ്ടും വേഷ്ടിയുമണിഞ്ഞാണ് എത്തുക. 20 മിനിറ്റായിരിക്കും ദർശന സമയം. വഴിപാടുകളും, ക്ഷേത്രപ്രദക്ഷിണവും കഴിഞ്ഞ് താമരകൊണ്ട് തുലാഭാരം നടത്താൻ സാധ്യതയുണ്ട്.
8.45ഓടെ ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തി വേഷം മാറി ക്ഷേത്രനടയിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിലേക്കെത്തു. മറ്റ് മൂന്നു മണ്ഡപങ്ങളിൽ വിവാഹിതരാകുന്ന നവദമ്പതിമാർക്ക് ആശംസനേർന്ന ശേഷം, 9 മണിയോടെ തിരിച്ച് ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്ക്. അവിടെ ധ്യാനം, വിശ്രമം. പിന്നീട് 9.45ഓടെ തൃപ്രയാർ ക്ഷേത്രത്തിലേക്ക് പോകും. 10.15 വലപ്പാട് ഹൈസ്കൂൾഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങിയശേഷം 10.30 തൃപ്രയാർ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തും. 11.11 വലപ്പാട് ഹെലിപ്പാഡിൽനിന്ന് കൊച്ചിയിലേയ്ക്ക് ചാർച്ച് ചെയ്ത പരിപാടികൾക്കായി തിരിക്കും.
Discussion about this post