മാള: പാറമടയുടെ കൈവരി തകർത്ത് കാർ വെള്ളത്തിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ മൂന്ന് സുഹൃത്തുക്കൾ മരിച്ചു. കുഴിക്കാട്ടുശ്ശേരി വരദനാട് ക്ഷേത്രത്തിനു സമീപമാണ് സംഭവമുണ്ടായത്. പുത്തൻചിറ മൂരിക്കാട് സ്വദേശി താക്കോൽക്കാരൻ ടിറ്റോ (48), കുഴിക്കാട്ടുശ്ശേരി സ്വദേശി മൂത്തേടത്ത് ശ്യാം (51), കൊമ്പൊടിഞ്ഞാമാക്കൽ പുന്നേലിപ്പറമ്പിൽ ജോർജ് (48) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയോടെ പാറമടയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അവസാനിച്ചത് പുലർച്ചെയോടെയായിരുന്നു. രാത്രി 11-ഓടെയാണ് അപകടമുണ്ടായ സമയം മുതൽ നാട്ടികാരും അഗ്നിരക്ഷാ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ആഴത്തിലേക്ക് കാർ മുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് കാറിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുകയായിരുന്നു. റോഡിന് ഇരുവശവും പാറമടയുള്ള സ്ഥലമാണിത്. ഇവിടെ റോഡിനോടുചേർന്ന് 50 അടിയോളം ആഴമുള്ള കുളത്തിലേക്ക് കാർ മറിയുകയായിരുന്നു. അഗ്‌നി രക്ഷാസേനയും പോലീസും എത്തിയെങ്കിലും കുളത്തിനു ആഴം കൂടുതലായതിനാൽ രക്ഷാപ്രവർത്തനം ഫലപ്രദമായില്ല. തുടർന്ന് ചാലക്കുടിയിൽനിന്ന് സ്‌കൂബ സംഘമെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
വീതികുറഞ്ഞ റോഡിനോടുചേർന്ന പാറമടക്കുളത്തിന് കൈവരി സ്ഥാപിച്ചിട്ടുണ്ട്. ഇത് തകർത്താണ് കാർ മറിഞ്ഞത്. മരണപ്പെട്ട ടിറ്റോയെ വീട്ടിൽ എത്തിക്കാൻ പോകുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.