ശബരിമല: ഭക്ഷലക്ഷങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകി ശബരിലയില്‍ മകരജ്യോതി ദര്‍ശനം. ശരണമന്ത്രമുഖരിതമായി സന്നിധാനം. സന്നിധാനത്തും മറ്റ് വ്യൂ പോയിന്റുകളിലും ഉള്‍പ്പെടെ പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് മകരജ്യോതി ദര്‍ശിച്ചത്. ദീപാരാധനയ്ക്ക് ശേഷം ആറരയോടെ നട തുറന്നു. തുടര്‍ന്ന് ആയിരങ്ങള്‍ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞത്. ഉച്ചത്തില്‍ മുഴങ്ങിയ ശരണംവിളികളുടെ അകമ്പടിയില്‍ ഭക്തര്‍ മകരജ്യോതി ദര്‍ശിച്ചു.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്കാണ് നട തുറന്നത്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയില്‍ ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതര്‍ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി. പതിനെട്ടാം പടി കയറി സോപാനത്തിലെത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.
തുടര്‍ന്നാണ് ദീപാരാധന നടന്നത്. അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് എങ്ങും ദൃശ്യമായത്. വ്യൂ പോയിന്റുകളാണ് ദര്‍ശനത്തിനായി സജ്ജമാക്കിയിരുന്നത്. എട്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 1400-പേരെയാണ് സുരക്ഷയ്ക്കായി പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ നടത്തിയാണ് പോലീസ് സുരക്ഷ ഉറപ്പാക്കുന്നത്.