കോട്ടയം: പാലാ പയപ്പാറിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലും മരത്തിലും ഇടിച്ചുകയറി ഡ്രൈവര്‍ മരിച്ചു. ലോഡുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് ഇടിച്ച് മരത്തിലിടിച്ച് കയറിയത്. കോട്ടയം ചിങ്ങവനം ചാന്നാനിക്കാട് സ്വദേശി ചാക്കോ (67) ആണ് മരിച്ചത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ചാക്കോ മരിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയായിരുന്നു അപകടം. തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിയ്ക്കും പയപ്പാറിനും ഇടയിലായിരുന്നു അപകടം. ചിങ്ങവനത്തെ ഫുഡ് കോര്‍പറേഷന്‍ ഗോഡൗണില്‍ നിന്നും അരിയുമായി തൊടുപുഴ അറക്കുളത്തെ ഗോഡൗണിലേയ്ക്ക് പോവുകയായിരുന്നു ലോറി.
യാത്രക്കിടെ നിയന്ത്രണം വിട്ട ലോറി മതിലില്‍ ഇടിക്കുകയായിരുന്നു. വീടിന്റെ മതിലിടിച്ച ലോറി സമീപത്തുള്ള മരത്തിലും ഇടിച്ചു നിന്നു. ഇടിയുടെ ആഘാതത്തില്‍ അരിച്ചാക്കുകള്‍ റോഡിലേക്ക് ചിതറി വീണു. ലോറിയും തകര്‍ന്നു. അപകടത്തില്‍ മരിച്ച ചാക്കോയുടെ മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
Discussion about this post