തൃശ്ശൂര്‍: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിനം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത വാനമ്പാടി കെഎസ് ചിത്രയെ വിമര്‍ശിച്ച് ശ്രീചിത്രന്‍ എംജെ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീചിത്രന്‍ വിമര്‍ശിച്ചത്. എണ്ണമറ്റ കൂട്ടക്കൊലകളുടെ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളതെന്ന് ശ്രീചിത്രന്‍ പറയുന്നു.
നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിര്‍ത്തുന്നു. സുഖദമല്ലാത്ത സത്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല.
വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയില്‍ പാടുന്ന നിങ്ങളുടെ തൊണ്ടയില്‍ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയില്‍ അനുശോചനങ്ങള്‍ എന്നാണ് ശ്രീചിത്രന്‍ പങ്കുവച്ചത്.
കെഎസ് ചിത്ര തന്റെ രാമക്ഷേത്ര ആശംസ അവസാനിപ്പിക്കുന്നത് ലോക സമസ്താ സുഖിനോ ഭവന്തു എന്ന സൂക്തത്തിലാണ്.
പ്രിയപ്പെട്ട വാനമ്പാടീ,
അഞ്ചു തിരിയിട്ട ദീപങ്ങളുമായി താങ്കള്‍ സ്വാഗതം ചെയ്യുന്ന ഈ ജനുവരി 22ലെ രാമ ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്ത് മുന്‍പൊരു മുസ്ലിം പള്ളി ഉണ്ടായിരുന്നു. 1948 ഡിസംബറില്‍ അവിടെ കുറച്ചുപേര്‍ കടന്നു കയറി. അതിനകത്ത് ഒരു ബാലരാമ വിഗ്രഹം വെച്ചു. ഭവതി പറഞ്ഞ സര്‍വ്വചരാചരങ്ങളുടെയും സുഖം ഉണ്ടല്ലോ, അയോധ്യയിലെ മുസ്ലീങ്ങളുടെ സുഖം അന്ന് അവസാനിച്ചു. ക്രമേണ ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളുടെയും . 1992 ഡിസംബര്‍ ആറിന് സര്‍വ്വചരാചരങ്ങളുടെയും സുഖത്തിനായി ഇന്ന് അമ്പലം പണിഞ്ഞവര്‍ തന്നെ ആ പള്ളി കല്ലോട് കല്ല് തകര്‍ത്തു കളഞ്ഞു. അടുത്തവര്‍ഷം മുതല്‍ ഇതേ സമസ്ത ലോക സുഖകാംക്ഷികള്‍ ഡിസംബര്‍ 6 വിജയദിനമായി ആഘോഷിച്ചു. പിന്നീട് ഇന്ത്യയില്‍ എണ്ണമറ്റ കൂട്ടക്കൊലകളുടെ ചരിത്രം പിറന്നു. ആ രക്തത്തില്‍ കുതിര്‍ത്തി ചുട്ടെടുത്ത കല്ലുകളാണ് പ്രിയപ്പെട്ട വാനമ്പാടീ, താങ്കള്‍ ദീപം തെളിയിച്ച് സ്വാഗതമരുളുന്ന രാമക്ഷേത്രത്തിനുള്ളത്.
എല്ലാ വാനമ്പാടിയുടെയും സംഗീതത്തില്‍ താന്‍ പറക്കുന്ന ആകാശത്തിന്റെ അന്തരീക്ഷമുണ്ട്. അതുകൊണ്ട് ലോകത്തെങ്ങും സംഗീതം തനിക്ക് ചുറ്റുമുള്ള ചരിത്രത്തിന്റെ അന്തരീക്ഷം തിരിച്ചറിയുന്ന വാനമ്പാടികളെ സൃഷ്ടിക്കുന്നു. എന്നാല്‍ നമ്മുടെ നാട്ടിലെ സംഗീതലോകം താങ്കളെപ്പോലെ ചരിത്രശൂന്യമായ നാദങ്ങളെ ശൂന്യാകാശത്തിലെ വാനമ്പാടിയായി നിലനിര്‍ത്തുന്നു.
സുഖദമല്ലാത്ത സത്യങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സമസ്തലോകസുഖീമന്ത്രം പോലെ അസുഖകരമായ അപശ്രുതി മറ്റൊന്നുമില്ല.
വാനമ്പാടീ, ശ്രുതിയസൂയപ്പെടും ശ്രുതിയില്‍ പാടുന്ന നിങ്ങളുടെ തൊണ്ടയില്‍ നിന്ന് ഇതുവരെക്കേട്ട ഏറ്റവും ഭീകരമായ അപശ്രുതിയില്‍ അനുശോചനങ്ങള്‍.
Discussion about this post