കോഴിക്കോട്: കൈവെട്ടുമെന്ന പരാമർശം നടത്തി വിവാദത്തിലായ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. പോലീസിന് അഷ്റഫ് കളത്തിങ്ങൽ എന്നയാൾ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
സമസ്ത പണ്ഡിതന്മാരെ വെറുപ്പിക്കാൻ ശ്രമിക്കുന്നവരുടെ കൈവെട്ടുമെന്നും സമസ്തയോടല്ലാതെ മറ്റൊരു സംവിധാനത്തോടും കടപ്പാടില്ലെന്നുമായിരുന്നു സത്താർ പന്തല്ലൂരിന്റെ പരാമർശം.
തുടർന്ന് സത്താർ പന്തല്ലൂരിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐ
ക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനുവും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാമർശം രാജ്യത്തിന്റെ ഭരണഘടനയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതും സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണ് എന്നാണ് പരാതി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിതന്മാരെയും അതിന്റെ ഉസ്താദുമാരെയോ വെറുപ്പിക്കാനും പ്രായസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്എസ്കെഎസ്എഫിൻറെ പ്രവർത്തകന്മാർ മുന്നോട്ടുണ്ടാവുമെന്നാണ് സത്താർ പന്തല്ലൂർ പ്രസംഗത്തിൽ പറഞ്ഞത്.
‘സത്യം, സ്വത്വം, സമർപ്പണം’ എന്ന പ്രമേയത്തിൽ എസ്കെഎസ്എസ്എഫ് 35-ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാത്രി മലപ്പുറം ടൗൺഹാളിനു മുന്നിൽ നടത്തിയ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു ഈ പരാമർശം.
Discussion about this post