കണ്ണൂർ: വിദേശത്ത് നിന്നെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് സ്വർണം കവർന്ന സംഘത്തെ കൈയ്യിൽ കിട്ടിയിട്ടും വിട്ടയച്ച സംഭവത്തിൽ എസ്ഐയ്ക്ക് സസ്പെൻഷൻ.
ബഹ്റൈനിൽനിന്നെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ട് ഒരുകിലോ സ്വർണം കവർന്ന കേസുമായി ബന്ധപ്പെട്ടാണ് നടപടി. പ്രതികളെ കൈയിൽ കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയതോടെയാണ് കൂത്തുപറമ്പ് എസ്ഐ പിവി അനീഷ് കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാർ സസ്പെൻഡ് ചെയ്തത്.
സ്വർണം പൊട്ടിക്കൽ സംഘത്തിലുള്ളവരാണ് പോലീസിന്റെ അനാസ്ഥ കാരണം രക്ഷപ്പെട്ടത്. സംഭവത്തിൽ എസ്ഐ ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി കൂത്തുപറമ്പ് എസിപി നൽകിയ റിപ്പോർട്ടിൽ പറയുന്നു. സ്വർണവുമായി ബഹ്റൈനിൽ നിന്നെത്തിയ സ്ത്രീയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ പൂട്ടിയിട്ടിരുന്നു. കോഴിക്കോട് സ്വദേശിനി ബുഷറയെയും മകനേയുമാണ് തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നത്.
സ്വർണം കവർന്ന് യുവതിയെ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പിന്നാലെ സ്വർണം കൊടുത്തയച്ച സംഘമെത്തിയതോടെ ലോഡ്ജിൽ വെച്ച് സംഘർഷമുണ്ടായി.ലോഡ്ജ് മാനേജർ വിളിച്ച് അറിയിച്ചത് അനുസരിച്ച് എസ്ഐയും സംഘവും ലോഡ്ജിലെത്തിയെങ്കിലും കാര്യമായ ഇടപെടൽ നടത്തിയില്ല.
സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാനും അക്രമത്തിന് ഉത്തരവാദികളായ ക്വട്ടേഷൻ സംഘത്തെ കസ്റ്റഡിയിലെടുക്കാനും കവർച്ച തടയാനും ശ്രമിച്ചില്ല. ലോഡ്ജ് മാനേജർക്ക് എതിരെ കേസെടുക്കാനായിരുന്നു തിടുക്കം. ജനുവരി ആദ്യമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Discussion about this post