‘നവകേരള ബസ്’ വിനോദസഞ്ചാരത്തിന്; വാടകനിരക്ക് തീരുമാനിക്കാൻ നീക്കവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മന്ത്രിമാരും മുഖ്യമന്ത്രിയും ജനങ്ങളിലേക്ക് നേരിട്ടെത്തിയ നവകേരള യാത്ര സമാപിച്ചതോടെ നവകേരള ബസ് ഇനി വിനോദസഞ്ചാരത്തിന്. ബസ് ദിവസ വാടക നിരക്കിൽ ജനങ്ങൾക്ക് സ്വന്തമാക്കാം. നീണ്ട യാത്ര കഴിഞ്ഞെത്തിയ ബസ് പുതുക്കപ്പണികൾക്കായി കോച്ച് ബിൽഡേഴ്‌സിലേക്ക് മാറ്റുകയാണ്.

പണി കഴിഞ്ഞെത്തുന്ന ബസ് സംസ്ഥാന ടൂറിസത്തിന്റെ ഭാഗമാക്കാനാണ് പദ്ധതി. തിരികെ എത്തുന്ന നവകേരള ബസിന്റെ വാടക നിരക്ക് നിശ്ചയിക്കാൻ ഉദ്യോഗസ്ഥർക്ക് കെഎസ്ആർടിസി നിർദേശം നൽകി. വിനോദസഞ്ചാര പദ്ധതിക്കായി വിട്ടുകിട്ടുന്ന ബസ് ദിവസ വാടക അടിസ്ഥാനത്തിലായിരിക്കും നൽകുക.

കസേരകളും സുരക്ഷയ്ക്കായി ഒരുക്കിയ കല്ലേറിൽ തകരാത്ത ഗ്ലാസും നീക്കം ചെയ്യും. വിഐപി സുരക്ഷക്കുവേണ്ടി ബസിൽ ഒരുക്കിയിരുന്ന സജ്ജീകരണങ്ങളും നീക്കം ചെയ്യും. ബസിൽ റൂഫ്ടോപ് എസിയാണ് ഉണ്ടാകുക. ബസ് നിർത്തിയിട്ടിരിക്കുന്ന സമയത്ത് പ്രവർത്തിപ്പിക്കുന്ന സ്പ്ലിറ്റ് എസി, ജനറേറ്റർ, ഇൻവർട്ടർ എന്നിവ ഒഴിവാക്കും. സാധനങ്ങൾ വെക്കാൻ പിന്നിൽ ഇടമുണ്ടാക്കുന്നതിനായി സീറ്റുകൾ പുനഃക്രമീകരിക്കും.

കുടുംബാവശ്യങ്ങൾക്കും ബസ് വാടകക്ക് നൽകും. ഇതിനായി ഫ്രിഡ്ജും മൈക്രോവേവ് ഓവനും ഘടിപ്പിക്കും. 1.15 കോടി രൂപ ചെലവിട്ടാണ് നവകേരള സദസ്സിനായി ബസ് വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version